തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു

0
samakalikamalayalam 2025 09 17 nrmdsu8k thukuzhi

തൃശൂര്‍: സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു.  തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മാര്‍ച്ച് ഒന്നിനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാന്‍പദവിയിലേക്കുള്ള വരവ്. പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീര്‍ഘകാലം രൂപതകളെ നയിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി 1997 ഫെബ്രുവരി പതിനഞ്ചിനാണ് ചുമതലയേറ്റത്.ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. ജീവിതസേവനം ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവായ മാർ തൂങ്കുഴിയുടെ കാലത്ത്, തൃശൂർ ജൂബിലി മിഷൻ ഹോസ്‌പിറ്റൽ, മേരിമാതാ മേജർ സെമിനാരി, ജീവൻ ടിവി, ജ്യോതി എഞ്ചിനീയറിംഗ് കോളജ്, മഹാജൂബിലി ട്രെയിനിംഗ് കോളജ്, ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്വന്തം കഴിവല്ല, കൂടെയുണ്ടായിരുന്നവരുടെ പ്രാഗത്ഭ്യമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് വിനയത്തോടെ പറയുന്ന ഒരാളായിരുന്നു അദ്ദേഹം.

22 വർഷം മാനന്തവാടി മെത്രാനായും, ഒന്നരവർഷം താമരശ്ശേരി മെത്രാനായും, തുടർന്ന് തൃശൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചു. എപ്പോഴും സൗമ്യമായ സംസാരിക്കുന്ന അദ്ദേഹം വിശ്വാസികളുടെ പ്രിയപ്പെട്ടവനായി മാറി. 2007 മാര്‍ച്ച്പതിനെട്ടിനാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ക്ഷമയോടെയും സഹനത്തോടേയും കാര്യങ്ങളെ കാണണമെന്നായിരുന്നു ജേക്കബ് തൂങ്കുഴി നല്‍കിയിരുന്ന നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *