സിംഹക്കുട്ടികള്‍ക്ക് അമര്‍, അക്ബര്‍, ആന്റണി എന്ന് പേര് നൽകി സുവോളജിക്കല്‍ പാര്‍ക്ക്
ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് അമര്‍, അക്ബര്‍, ആന്റണി എന്ന് പേര് നൽകി. 1977ലെ ബോളിവുഡിലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയെന്ന ചിത്രത്തെ ഓര്‍മ്മിപ്പിച്ചാണ് പേര് നല്‍കിയത്. സുവോളജിക്കല്‍ പാര്‍ക്കിലെ ഏഴു വയസുള്ള രേവയാണ് മൂന്ന് സിംഹക്കുട്ടികള്‍ക്കും ജന്മം നല്‍കിയത്.
കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അമ്മസിംഹം രേവ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ഐസിയുവില്‍ പരിചരിച്ചാണ് സിംഹക്കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ അമ്മസിംഹം താത്പര്യം കാണിക്കാതെ വന്നതോടെ പരിചരണം ഏറ്റെടുക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുശാന്ത നന്ദ പറഞ്ഞു.
ഞായറാഴ്ചയാണ് സിംഹക്കുട്ടികള്‍ ജനിച്ചത്. നിലവില്‍ അമറിന് 1.360 കിലോ തൂക്കമുണ്ട്. അകബര്‍ 1.380, ആന്റണി 1.520 എന്നിങ്ങനെയാണ് മറ്റു സിംഹക്കുട്ടികളുടെ തൂക്കം. ഏഷ്യാറ്റിക് സിംഹം പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ സംരക്ഷകർ നേരിടുന്ന വെല്ലുവിളികളിലേക്ക് ഈ സംഭവം വെളിച്ചം വീശുന്നു. വിവിധ കാരണങ്ങളാൽ, കാട്ടിൽ സ്വയം പ്രതിരോധിക്കാൻ കഴിയാത്ത മൃഗങ്ങളുടെ സങ്കേതമെന്ന നിലയിൽ സുവോളജിക്കൽ പാർക്കുകളുടെ പ്രാധാന്യവും ഇത് എടുത്തുകാണിക്കുന്നു.