മിക്സഡ് ടീം ഇനത്തിൽ മനു ഭാകറും സരബ്ജോത് സിങ്ങും ഇറങ്ങും
പാരിസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും വെങ്കല മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് യോഗ്യത നേടി മനു ഭാകറും സരബ്ജോത് സിങ്ങും. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദക്ഷിണകൊറിയയാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയും ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കും. ഇതേയിനത്തിൽ മത്സരിച്ച റിഥം സങ്‍വാനും അർജുൻ ചീമയും 10–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണു മത്സരം.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങള്‍ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു.