മാന്നാർ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി

0

മാന്നാർ : കലാ കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് പിൻവലിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി, കണ്ണമ്പള്ളിൽ സോമരാജൻ, കണ്ണമ്പള്ളിൽ പ്രമോദ് എന്നിവർക്കായി ചെങ്ങന്നൂരിലെ അഭിഭാഷകൻ സുരേഷ് മത്തായിയാണ് വക്കാലത്തു സമർപ്പിച്ചത്. സിപിഎമ്മിന്റെയും മന്ത്രി സജി ചെറിയാന്റെയും ആവശ്യപ്രകാരമാണ് സിപിഎം ഏരിയ കമ്മിറ്റിയംഗവും ബുധനൂർ കമ്മിറ്റി സെക്രട്ടറിയുമായ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞത്. പ്രതികളെ സംരക്ഷിക്കുന്ന നടപടി സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം കലയുടെ ബന്ധുക്കളെ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയിരുന്നു. കേസിൽ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടിയുടെ വിമൻസ് വിങ്ങിന്റെ സ്റ്റേറ്റ് സെക്രട്ടറി ശ്രീകലാ ഗോപി രംഗത്ത് വന്നിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാനുള്ള സാധ്യതയുണ്ട് എന്ന് ശ്രീകല ആരോപിച്ചിരുന്നു. പ്രതിഭാഗത്തുള്ള അനിൽകുമാറും കുടുംബവും അതേപോലെതന്നെ കലയുടെ കുടുംബവും സിപിഎം വിശ്വാസികൾ ആയതിനാൽ തന്നെയാണ് കേസ് അട്ടിമറിക്കാനുള്ള സാധ്യത ശ്രീകല ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ ജാമ്യത്തിന് ഇനി മേൽക്കോടതിയെ സമീപിക്കേണ്ടിവരും. പുതിയ അഭിഭാഷകൻ പ്രതികളുടെ ഭാഗത്തിനുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത ശേഷമേ ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിക്കാനാകൂ. സുരേഷ് മത്തായി സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്‌. പാർട്ടി നിർദ്ദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞതെന്നാണ് സൂചന.

അതേസമയം, കേസിൽ പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികൾ. കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കല കാമുകനൊപ്പം പോയെന്ന് പ്രചരിപ്പിച്ചതിനാൽ ബന്ധുക്കളും കാര്യമായ അന്വേഷണത്തിന് ഒരുങ്ങിയിരുന്നില്ല. ഇതിനിടെ കലയുടേത് കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസിന് ലഭിച്ച ഊമക്കത്താണ് കേസിൽ നിർണായകമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *