ജീവിത ഗന്ധിയായ ഗാനങ്ങളുടെ രചയിതാവ് , മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞു.

എറണാകുളം : പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ’, ‘ആഷാഢമാസം ആത്മാവിൽ മോഹം’, ‘നാടൻപാട്ടിൻറെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.
മലയാള സാഹിത്യ ലോകത്തേക്ക്, അല്ലെങ്കിൽ സിനിമയുടെ ലോകത്തേക്ക് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ കടന്നുവരുന്നത് ഏകദേശം 52 വർഷങ്ങൾക്കു മുമ്പാണ്. വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി അയാൾ മലയാള സിനിമ സാഹിത്യ ലോകത്തേക്ക് കടന്നുവന്നു.
മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിനിമയിൽ നാല് പാട്ടുകളുണ്ടെങ്കിൽ അതിൽ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കിൽ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. ഒരു നിർമാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്‌നം. അധികായന്മാർക്കിടയിൽ ഏകാധിപത്യമുള്ള കാലത്ത് മലയാള സിനിമ സാഹിത്യ ലോകത്തിന്‍റെ ഭാഗമാകാൻ സാധിച്ചത് തൻ്റെ ഭാഗ്യമായികണ്ടിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ
700 ഓളം പാട്ടുകളും നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട് .എങ്കിലും വയലാറിനെയും ശ്രീകുമാരൻ തമ്പിയെയും പോലെ വ്യക്തി പ്രഭാവം സൃഷ്‌ടിച്ചെടുക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടുണ്ട്.
ബാഹുബലി 1, 2, ആർ ആർ ആർ തുടങ്ങി നിരവധി ഹിറ്റ് തെലുങ്ക് ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌ത വ്യക്തിത്വം കൂടിയാണ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ. മറ്റ് ഭാഷകളിലേക്ക് ചിത്രങ്ങൾ മൊഴിമാറ്റുമ്പോഴും എസ് എസ് രാജമൗലി മങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍റെ ഭാഷയും എഴുത്ത് റഫറൻസ് ആയി എടുക്കാറുണ്ട്. ഈ ചിത്രങ്ങളിലെ ഗാനരചനയും മങ്കൊമ്പ് തന്നെ. ജൂനിയർ എന്‍ ടി ആര്‍ നായകനാകുന്ന ദേവരയാണ് മങ്കൊമ്പ് എഴുതിയ പുതിയ ചിത്രം.
ഒരു കാലത്ത് മലയാളത്തിലേക്ക് മറുഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ട എല്ലാം സിനിമകളുടെയും ഗാനരചയിതാവ് മങ്കൊമ്പ് ആയിരുന്നു.
1947ൽ കുട്ടനാട്ടിലെ മങ്കൊമ്പിലാണ് ഗോപാലകൃഷ്ണൻ്റെ ജനനം. ‘വിമോചന സമരം’ എന്ന ചിത്രത്തിനായി ഗാനം എഴുതിയാണ് മലയാള ചലച്ചിത്രരംഗത്തേക്കുള്ള മങ്കൊമ്പിൻ്റെ ചുവടുവെപ്പ്. 1975ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിനായും ഗാനങ്ങൾ രചിച്ചു. ഈ ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’ എന്ന ഗാനത്തിലൂടെ മങ്കൊമ്പ് ശ്രദ്ധേയനായി.
ഇളം മഞ്ഞിൻ കുളിരുമായൊരു …,ഉദയം കിഴക്കുതന്നെ, പ്രപഞ്ചവിപഞ്ചിയിലുണരും, അരികിൽ അമൃതകുംഭം, ഓരില ഈരിലക്കാടുറങ്ങി, കലിയോട് കലികൊണ്ട കടലലകൾ, കാരിരുമ്പാണി പഴുതുള്ള, ആരോടും മിണ്ടാത്ത ഭാവം, അമ്പലക്കുന്നിലെ പെണ്ണൊരുത്തി, കാർത്തിക തിരുനാൾ, ആപാദചൂഡം പനിനീര്, ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഹേമമാലിനി, ത്രയമ്പകം വില്ലൊടിഞ്ഞു, സ്വർണച്ചെമ്പകം പൂത്തിറങ്ങിയ, ചിത്രവർണ പുഷ്പജാലമൊരുക്കി, നീലമേഘക്കുട നിവർത്തി, പൗർണമി ചന്ദ്രികയിൽ, വാസനക്കുളിരുമായ്, അഷ്ടമിപ്പൂത്തിങ്കളേ, പ്രേമാനുഭൂതിയുമായെന്നിൽ…. തുടങ്ങിയ നിരവധി കാവ്യ സുഗന്ധിയായ മനോഹര ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ച കവിത്വമുള്ള ഗാനരചയിതാവായിരുന്നു മങ്കൊമ്പ് .
ആദരാജ്ഞലികളോടെ…. സഹ്യ ന്യുസ്
(NIASHA M NAIR)