വീടുകൾക്ക് തീയിട്ട് അക്രമികൾ, വനത്തിലേക്ക് രക്ഷപ്പെട്ട് നാട്ടുകാർ;മണിപ്പുരിൽ സ്ത്രീ കൊല്ലപ്പെട്ടു
മണിപ്പൂർ: രണ്ട് സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവതി കൊല്ലപ്പെട്ടു
ഇംഫാൽ ∙ സംഘർഷഭരിതമായ മണിപ്പുരിൽ കുക്കി–മെയ്തെയ് ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞെന്നും വിവരമുണ്ട്. തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി.
കഴിഞ്ഞദിവസം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ് ഭവൻ, സെക്രട്ടേറിയറ്റ് മാർച്ചുകളിലും വലിയതോതിൽ സംഘർഷമുണ്ടായിരുന്നു. 12 പേർക്കു പരുക്കേറ്റു. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു. തൗബാൽ കലക്ടറേറ്റിൽ സമരക്കാർ മെയ്തെയ് പതാക ഉയർത്തി. ദേശീയപതാക അഴിച്ചുമാറ്റിയാണ് ഇങ്ങനെ ചെയ്തതെന്ന പ്രചാരണം കലക്ടർ നിഷേധിച്ചു.
പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. മണിപ്പുരിലെ മുഴുവൻ മെയ്തെയ്, നാഗാ എംഎൽഎമാരും രാജിവയ്ക്കുക, ഡിജിപിയെയും സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റുക, യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേൻസിങ്ങിനു കൈമാറുക, മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണു വിദ്യാർഥിപ്രക്ഷോഭം. തുടർന്ന് മണിപ്പുരിൽ അക്രമം തുടരുന്നതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഇംഫാലിലെ താങ്മെയ്ബാൻഡിൽ തെരുവിലിറങ്ങി.
കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കണമെന്ന് സംസ്ഥാനം സന്ദർശിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കേന്ദ്രത്തിനു ശുപാർശ നൽകിയതായി വിവരം. അസം റൈഫിൾസിനെ പിൻവലിക്കരുതെന്നാവശ്യപ്പെട്ട് കുക്കി വനിതകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ റാലി നടന്നു. തീവ്ര മെയ്തെയ് പക്ഷക്കാർ കുക്കി ജില്ലകളിൽ കടന്നുകയറുന്നത് അസം റൈഫിൾസാണു തടയുന്നത്. കുക്കി മേഖലകളിലെ സുരക്ഷാ സേനയിൽ 70 ശതമാനവും നിലവിൽ ഇവരാണ്. മെയ്തെയ്കളുമായി താരതമ്യം ചെയ്യുമ്പോൾ ആയുധശേഷി കുറവുള്ള കുക്കികൾ പിടിച്ചുനിൽക്കുന്നതും അസം റൈഫിൾസ് ഉള്ളതിനാലാണ്. ഇവരെ പിൻവലിച്ചാൽ വംശഹത്യ നടക്കുമെന്നാണ് കുക്കികളുടെ ആശങ്ക.