മണിപ്പുർ കലാപം; ഡൽഹിയിൽ ചർച്ച നടത്തി മോദിയും ബിരേൻ സിങ്ങും

0

ന്യൂഡൽഹി : കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിരേൻ സിങ്ങും . ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു വർഷം മുൻപുണ്ടായ മണിപ്പുരിലെ വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ വിഷയത്തിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ബിരേൻ സിങ് ഡൽഹിയിലെത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. വംശീയ കലാപം ഉണ്ടായ മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയായതായാണ് വിവരം. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നു മോദി നിർദേശിച്ചു.

അനുസിയ ഉയ്കെയെ മണിപ്പുർ ഗവർണർ സ്ഥാനത്ത് നീക്കം ചെയ്യുകയും അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് മണിപ്പുരിന്റെ അധിക ചുമതല നൽകുകയും ചെയ്തതിന്റെ പിന്നാലെയാണ് മോദി – ബിരേൻ സിങ് കൂടിക്കാഴ്ച. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ വലിയ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയിരുന്നു. ലോക്സഭയെ അടക്കം പ്രക്ഷുബ്ധമാക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന ഭരണം ഉണ്ടായിട്ടുപോലും തിരഞ്ഞെടുപ്പിൽ മണിപ്പുരിലെ രണ്ടു സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോൺഗ്രസിന്റെ വിജയം ബിജെപി ക്യാംപിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം മെയ്തെയ് വിഭാഗവും കുക്കികളും തമ്മിലുണ്ടായ കലാപത്തിൽ 220-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 50,000 പേർക്ക് കലാപത്തെ തുടർന്ന് പലായനം ചെയ്യേണ്ടതായും വന്നെന്നാണു റിപ്പോർട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *