മണിപ്പൂരിലെ കലാപം ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത

0

കൊച്ചി: ഇടുക്കി രൂപത വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത തീരുമാനമെടുത്തു. ഇൻ്റൻസീവ് ബൈബിൾ കോഴ്സിന്റെ ഭാഗമായാണ് ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കുന്നത്. ‘ദ ക്രൈ ഓഫ് ​ദ ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് എറണാകുളം-അങ്കമാലി അതിരൂപത പ്രദർശിപ്പിക്കുന്നത്. എറണാകുളം അതിരൂപതയ്‌ക്ക് കീഴിലുള്ള സാൻജോപുരം പള്ളിയിൽ 9.30നാണ് പ്രദർശനം.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ദൂരദർശൻ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും കേരള സ്റ്റോറി പ്രദ‍ർശിപ്പിച്ചത്. പള്ളികളിലെ ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രം കുട്ടികൾക്ക് വേണ്ടി പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു അതിരൂപത നൽകിയ വിശദീകരണം.

ഈ മാസം 2,3,4 തീയതികളിലാണ് ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ കുട്ടികൾക്ക് വേണ്ടി ഇന്റന്‍സീവ് കോഴ്‌സ് സംഘടിപ്പിച്ചത്. ഇതില്‍ 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും, വര്‍ഗീയമാനം നല്‍കിയതുകൊണ്ടാണ് ചിത്രം വിവാദ ചര്‍ച്ചയായതെന്നും ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് വിശദീകരണം നൽകിയിരുന്നു.

ഇത്തവണ പ്രണയം എന്നതായിരുന്നു വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം. കുട്ടികളിലും യുവജനങ്ങളിലും ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും പിആര്‍ഒ പ്രതികരണം നൽകി. ഈ മാസം അഞ്ചിനാണ് ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *