മുഖമടച്ച മറുപടിയുമായി നടി മനീഷ; ആർക്കെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് അവതാരകൻ

0

 

അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലർന്നതും ദ്വയാർഥ പ്രയോഗങ്ങളുമുള്ള ചോദ്യങ്ങൾ ചോദിച്ച് വൈറൽ കോണ്ടന്റ് ഉണ്ടാക്കാൻ ശ്രമം നടത്തുന്ന ഇത്തരം അവതാരകർക്കൊരു ഒരു പാഠമാണ് മനീഷ പഠിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.

മനീഷയെ ചൊടിപ്പിച്ച അവതാരകന്റെ ചോദ്യം ഇങ്ങനെ: ‘‘പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോൾ ചേച്ചിയുടെ നിലനിൽപ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ?’’

അവതാരകന്റെ മുഖമടച്ചുള്ള നടിയുടെ മറുപടിയും ഉടനെത്തി. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നൽകിയത്. നിനക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഇത്തിരി കൂടുതലാണ് എന്നും അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട് എന്നും മനീഷ പറയുകയും ചെയ്യുന്നുണ്ട്.

‘‘എന്ത് ഊള ചോദ്യങ്ങളാടോ താന്‍ ചോദിക്കുന്നത്, മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ എല്ലാവരെയും ഞാൻ പറയുന്നില്ല. പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല.

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കിൽ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാർ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. അമ്മയും പെങ്ങളും എന്നു പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.

എനിക്കു പരിചയമുള്ള ആളുകൾപോലും ഇത്തരം ചോദ്യങ്ങൾ എന്റെ നേരെ ചോദിച്ചാൽ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും. എന്നെ അറിയാവുന്ന ആളല്ലേ നീ. ഞങ്ങളൊക്കെ സിനിമയിൽ പോകുന്നതിന്റെ അർഥം, എല്ലാവർക്കും മുട്ടിയാൽ തുറക്കപ്പെടും എന്നാണോ. സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ.’’-മനീഷയുടെ വാക്കുകൾ.

മനീഷയുടെ മറുപടിയും അവതാരകന്റെ റിയാക്‌ഷനും ഇതിനകം വൈറലായിട്ടുണ്ട്. ഇത്തരം അനാവശ്യ ചോദ്യങ്ങൾക്ക് ഈ രീതിയില്‍ തന്നെ മറുപടി കൊടുക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതിനു മുമ്പ് ‘ഡിഎൻഎ’ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ നടി ഹന്ന റെജി കോശയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. അഭിമുഖത്തിന് ഇടയിൽ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്ന് ഹന്നയും സഹതാരം അഷ്കർ സൗദാനും അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മനീഷ. അതിലുമുപരി താരം മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയു കൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *