മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം: ഒരുക്കങ്ങൾ പൂർണം

0

ശബരിമല: ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്തുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതതല യോഗത്തിൻ്റെ വിലയിരുത്തൽ. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറും. സുഗമ ദർശനത്തിനായി ഇതുവരെ ചെയ്ത എല്ലാ മികച്ച പ്രവർത്തനങ്ങളും പരീക്ഷിക്കപ്പെടുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് എഡിഎം എഡിഎം അരുൺ എസ് നായർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.

ഡിസംബർ 26നാണ് മണ്ഡലപൂജ. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ഉന്നതതല സമിതി കൺവീനറും സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസറുമായ ബി കൃഷ്ണകുമാർ പറഞ്ഞു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തുടരുകയും ഭക്തജന തിരക്ക്, മണ്ഡലപൂജ, തങ്കയങ്കി ഘോഷയാത്ര, എന്നിവ പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ ഇടപെടുകയും വേണമെന്ന് വിവിധ വകുപ്പ് പ്രതിനിധികൾക്ക് സ്പെഷ്യൽ ഓഫീസർ നിർദേശം നൽകി.

മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പുറത്തേക്കുള്ള വഴികൾ എല്ലായ്പ്പോഴും തുറന്നിടുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും. പമ്പയിൽ ഉള്ള എൻഡിആർഎഫിന്റെ സ്ട്രചർ സംഘത്തെ സന്നിധാനത്ത് നിയോഗിക്കാൻ യോഗം തീരുമാനിച്ചു. സോപാനത്ത് മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുള്ള അറിയിപ്പുകൾ നൽകിയിട്ടും തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാഷകളിൽ ഇലക്ട്രോണിക് ഡിസ്പ്ലേ വഴിയും നിരോധന വിവരം കാണിക്കും. തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകൾ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ശേഖരിക്കാൻ ഇടയുണ്ട്. ഇത് തടയാൻ ഫയർ ഫോഴ്സ് എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *