മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് നട അടച്ചു
പത്തനംതിട്ട: ഒരു മണ്ഡലകാല ഉത്സവത്തിന് കൂടി അവസാനം. മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ആണ് ഹരിവരാസനം പാടി നട അടച്ചത്. രാത്രി 10ന് ക്ഷേത്രം മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി നടയടച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു മണ്ഡലപൂജ. തന്ത്രി കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്റെയും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി. തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകള്‍ക്കും നിവേദ്യം സമര്‍പ്പിച്ചു. ഭൂതഗണങ്ങള്‍ക്ക് ഹവിസ് തൂകി.