തെറ്റിദ്ധാരണകൾ തീർന്നു; അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്
 
                കോഴിക്കോട്: അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.
തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍ സംസാരിച്ച് തീര്‍ത്തെന്നും മനാഫ് പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു.
മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൽ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തിൽനിന്ന് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു.
അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്

 
                         
                                             
                                             
                                             
                                         
                                         
                                         
                                        