റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യയിലേക്ക് തിരിച്ച്..
റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങികിടന്ന രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്.താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്.
അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ചുതെങ്ങിൽ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിപോയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യനാണ് ഇന്ത്യൻ എംബസിയിലെത്തിയത്.
ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് കയറിയത്. മികച്ച ശമ്പളവും ജോലിയുമായിരുന്നു വാഗ്ദാനം നൽകിയത്. ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങി, ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയായിരുന്നു.ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റി.