വീട്ടിൽ ജപ്തി നോട്ടീസ് എത്തിയതിനു പിന്നാലെ; ഓച്ചിറ സ്വദേശി മസ്‌കത്തിൽ ജീവനൊടുക്കി
ഓച്ചിറ: വീട്ടിൽ ജപ്തി നോട്ടീസ് എത്തിയതിനു പിന്നാലെ ഓച്ചിറ സ്വദേശി മസ്‌കത്തിൽ ജീവനൊടുക്കി.ക്ലാപ്പന ചാലപ്പള്ളിൽ ലക്ഷംവീട് കോളനിയിൽ കൊച്ചുതറയിൽ ചൈത്രം വീട്ടിൽ വിജയൻ (61)ആണ് മസ്‌കത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്നു വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച 12നാണ് കേരള ബാങ്ക് വള്ളികാവ് ശാഖയിൽ നിന്ന് വീടും വസ്തുവും ഏറ്റെടുത്തതായി ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത്. 2016ൽ തന്റെ 4 സെന്റിൽ നിൽക്കുന്ന വീട് നവീകരിക്കാനായി ഏഴു ലക്ഷം രൂപ വായ്‌പ്പാ എടുക്കുകയായിരുന്നു.പല വെട്ടമായി 4 ലക്ഷത്തോളം രൂപ അടച്ചെങ്കിലും, ഹൃദരൂഗത്തെ തുടർന്ന് ചികിത്സയിൽ ആയതിനാൽ ബാക്കി തുക അടക്കാൻ കഴിഞ്ഞിരുന്നില്ല.
12,59,046 രൂപ കുടിശിക ആയിട്ടുണ്ടെന്ന് കഴിഞ്ഞ നവംബറിൽ ബാങ്കിൽ നിന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.ഒരു വർഷം മുമ്പ് ചികിത്സക്കയാണ് വിജയൻ നാട്ടിൽ എത്തിയത്. ഒട്ടേറെ പേരുടെ സഹായത്തോടെയാണ് ചികിത്സ നടത്തിയത്. വായ്‌പ്പാ തുക അടച്ചിട്ടു തിരിച്ചു വരാമെന്ന് പറഞ്ഞാണ് വീണ്ടും വിദേശത്തേക്ക് പോയത്.വിജയന്റെ ഏക മകൻ 2 മാസം മുൻപാണ് സൗദിയിൽ പോയത്.ഭാര്യ: മാമി,മാതാവ്:ചെല്ലമ്മ.
മൃതദേഹം നടപടി ക്രമങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ട് വരും.വർഷങ്ങളായി വായ്‌പ്പാ കുടിശിക അടക്കാത്തതിനെ തുടർന്നാണ് ബോർഡ് സ്ഥാപിച്ചതെന്നും, കുറച്ച് തുകയെങ്കിലും അടക്കാൻ ആവിശ്യപെട്ടിട്ട് ആരും തയാറായില്ലെന്നും ബാങ്ക് മാനേജർ പറഞ്ഞു.