പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ആളെ പോലീസ് പിടിക്കൂടി.കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ സി കെ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
ഭാര്യ വഴക്കുണ്ടാക്കി പിണങ്ങിയതിനെ തുടർന്ന് പെട്രോളൊഴിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പ്രതി ഒളിവിൽ പോകുകയും ചെയ്‌തു. തുടർന്ന് ചെമ്മനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് പിടിയിലായത്.
നൗഷാദിൻ്റെ പീഡനം വർധിച്ചതോടെ യുവതി മാതാപിതാക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ കുണ്ടുങ്ങലിലുളള നൗഷാദിൻ്റെ വീട്ടിലെത്തിയിരുന്നു. ഇത് ഇഷ്‌ടപ്പെടാതിരുന്ന നൗഷാദ് പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിലെത്തുകയും യുവതിയെ മർദിക്കുകയും ചെയ്‌തു.
പ്രാണഭയത്താൽ യുവതി വീടിനുളളിൽ കയറി വാതിലടച്ച സമയം യുവതിയുടെ സ്‌കൂട്ടർ നൗഷാദ് തീയിട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻപും നൗഷാദ് യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നതായി യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. മുൻപും നൗഷാദ് വിവാഹം കഴിച്ചിരുന്നെന്നും ബന്ധം വേർപിരിഞ്ഞതോടെയാണ് നൗഷാദ് യുവതിയെ വിവാഹം കഴിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. വിവാഹത്തിനു ശേഷമാണ് നൗഷാദിൻ്റെ യഥാർത്ഥ സ്വഭാവം മനസിലായതെന്നും നൗഷാദ് ശാരീരികമായി മകളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ രക്ഷിതാക്കൾ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നൗഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.