ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ

0

പത്തനംതിട്ട : ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യിൽ വീട്ടിൽ ജനാർദ്ദനൻ ജനു(61) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ റീൽസും മറ്റും ചെയ്യാറുള്ള തിരുവനന്തപുരം പൂവച്ചൽ സ്വദേശിനിക്ക് നേരെയാണ് അധിക്ഷേപ പരാമർശം നടത്തിയത്.

ആശാ വർക്കർമാരുടെ സമരത്തിന് അനുകൂലമായി യുവതി നിരന്തരം പോസ്റ്റുകളിട്ടിരുന്നു. കൂട്ടത്തിൽ ഈ മാസം ആറിനിട്ട നാലാമത്തെ പോസ്റ്റിന് താഴെയുള്ള കമൻ്റ് ബോക്‌സിലാണ് പ്രതി അന്ന് വൈകിട്ട് 7ന് വളരെ മോശം അഭിപ്രായങ്ങൾ കുറിച്ചത്. യുവതിയെ അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ഇവർക്കും മാതാവിനുമെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്‌തു.

പന്തളത്ത് വാടകയ്‌ക്ക് താമസിക്കുന്ന യുവതി 11ന് പൊലീസിൽ പരാതി നൽകി. സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്ന് കണ്ടെത്തിയ പൊലീസ്, ബിഎൻഎസിലെ നിർദിഷ്‌ട വകുപ്പും കേരള പൊലീസ് ആക്‌ടിലെ 120(o) വകുപ്പും ചേർത്ത് കേസെടുത്തു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പന്തളം പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ മോശം പരാമർശങ്ങളും മറ്റും പോസ്റ്റ്‌ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *