ഗുജറാത്തിലെ ബറൂച്ചിൽ സിനിമ തിയേറ്റർ സ്ക്രീൻ തകർത്തയാൾ അറസ്റ്റിൽ.

ഗാന്ധിനഗർ: ഗുജറാത്തിലെ ബറൂച്ചിൽ സിനിമ തിയേറ്റർ സ്ക്രീൻ തകർത്തയാൾ അറസ്റ്റിൽ.വിക്കി കൗശലിന്റെ പുതിയ ചിത്രമായ ഛാവയുടെ പ്രദർശനത്തിനിടെയാണ് സംഭവം.അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ പ്രതി തിയേറ്റർ സ്‌ക്രീൻ വലിച്ച്കീറുന്നത് കാണാം.ഞായറാഴ്ച രാത്രി ആർ.കെ. സിനിമാസിൽ അവസാന ഷോ പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം.
പ്രതിയായ ജയേഷ് വാസവ മദ്യപിച്ചിരുന്നു. ഛത്രപതി സംഭാജി മഹാരാജിനെ ഔറംഗസേബ് ശാസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന രംഗം സ്‌ക്രീനിൽ വന്നപ്പോളാണ് ഇയാൾ പ്രകോപിതനായി സ്‌ക്രീൻ തകർത്തത്.വേദിയിലേക്ക് കയറി ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് സ്ക്രീനിന് കേടുപാടുകൾ വരുത്തി. തുടർന്ന് കൈകൾ കൊണ്ട് വലിച്ചുകീറുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ചേർന്ന് ഇയാളെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച വനിത ജീവനക്കാരിയെയും ഇയാൾ അധിക്ഷേപിച്ചു. സംഭവത്തിൽ ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഷെഡ്യൂൾ ചെയ്തിരുന്ന നിരവധി ഷോകൾ റദ്ദാക്കേണ്ടി വന്നതായും തിയേറ്റർ അധികൃതർ അറിയിച്ചു.