ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം :യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.സഹയാത്രികർ ഇടപെട്ട് ഇയാളെ തടഞ്ഞു നിർത്തി കാഞ്ഞങ്ങാട് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. വെങ്കിടേഷാണ് (35) അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്‌സ്‌പ്രസിലെ ജനറല്‍ കോച്ചിലാണ് മംഗളൂരിലെ കോളേജ് വിദ്യാർത്ഥിനിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടന്നത്.കണ്ണൂരില്‍ നിന്ന് തന്നെ വെങ്കിടേഷ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനി ബഹളം വെച്ചതിനെ തുടർന്ന് ഇയാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയെങ്കിലും, മറ്റ് യാത്രക്കാർ വെങ്കിടേഷിനെ തടഞ്ഞു വെച്ച് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
വിദ്യാർത്ഥിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.