5000 രൂപക്ക് മകളെ വിറ്റ് , തട്ടിക്കൊണ്ട് പോയെന്ന് പരാതിനൽകിയ ആൾ അറസ്റ്റിൽ

0
baby

അമരാവതി: വിജയവാഡയിൽ മൂന്നു വയസുകാരിയായ മകളെ അച്‌ഛൻ 5,000 രൂപക്ക് വിൽക്കാൻ ശ്രമിച്ചു. ബാപട്‌ല ജില്ലയിലെ രാമണ്ണപേട്ട് നിവാസിയായ മസ്‌താനാണ് മകളെ വിൽക്കാൻ ശ്രമിച്ചത്. പൊലീസിൻ്റെ അതിവേഗ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിക്കാനായത്.

മസ്‌താൻ-വെങ്കിടേശ്വരമ്മ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉള്ളത്. ഇതിൽ ആറ് പേർ പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഉള്ളത്. കശാപ്പ് തൊഴിൽ ചെയ്യുന്ന ഇയാൾ സ്ഥിരമായി ജോലിക്ക് പോയിരുന്നില്ല. പലപ്പോഴും മോഷണത്തിൽ ഏർപ്പെട്ടിരുന്നു. സൈക്കിൾ മോഷണം നടത്തിയ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ മൂന്ന് വർഷം മുൻപും തൻ്റെ പെണ്‍മക്കളിലൊരാളെ പണത്തിനായി വിറ്റതായും പൊലീസ് വെളിപ്പെടുത്തി.
ഓഗസ്‌റ്റ് ആറിനാണ് ഇയാൾ തൻ്റെ മകളായ ശ്രാവണി എന്ന മൂന്നുവയസുകാരിയുമായി വീട്ടിൽ നിന്നും പോകുന്നത്. ഭാര്യയുടെ വീട്ടിൽ കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടിയുമായി ഇയാള്‍ ചിരാലയിലേക്ക് പോയി. അവിടെനിന്നും ട്രെയിൻ കയറി വിജയവാഡ റെയിൽവേ സ്‌റ്റേഷനിലെത്തി രണ്ടു ദിവസം താമസിച്ചു.വിജയവാഡ സ്‌റ്റേഷനിൽ നിൽക്കുമ്പോൾ അവിടെവച്ച് ഭിക്ഷാടകരായ, അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്നാരിയെയും പ്രകാശം ജില്ലയിലെ ബൊള്ള ശ്രീനിവാസുലു എന്ന യുവതിയെയും കണ്ടുമുട്ടി. തനിക്ക് മകളെ വളർത്താൻ കഴിയില്ലെന്നും ഭിക്ഷാടനത്തിന് മകളെ ഉപയോഗിക്കാമെന്നും അവരോട് പറഞ്ഞു.തുടർന്ന് ഓഗസ്‌റ്റ് 7- ന് 5,000 രൂപയ്ക്ക് പെൺകുട്ടിയെ വാങ്ങാൻ അവർ സമ്മതിച്ചു. ശേഷം പിതാവ് കുട്ടിയെ അവരുടെ കൈയിൽ ഏൽപ്പിച്ചു മടങ്ങുകയും കുട്ടിയെ വിറ്റ കാശിന് മദ്യപിക്കുകയും ചെയ്‌തു. തുടർന്ന് ഏഴാം തീയതി രാത്രി തൻ്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് അവകാശപ്പെട്ട് ഇയാൾ വിജയവാഡ ജിആർപി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ ചെന്നു.

ഇവിടെവച്ച് പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ മകളെ കാണാനില്ലെന്നും തൻ്റെ ഭാര്യ പ്രസവസമയത്ത് മരിച്ചുവെന്നും ആദ്യം പറഞ്ഞു. പിന്നീട് പൊലീസ് വിശദമായി അന്വേഷിച്ചപ്പോൾ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് സമ്മതിക്കുകയും ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസിനോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ പൊലീസ് ജിആർപി ഇൻസ്‌പെക്‌ടർ ജെ.വി. രമണ വെറ്റപ്പാലത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിൽ മസ്‌താൻ പെൺകുട്ടിയെ ചിന്നാരിക്കും ശ്രീനിവാസുലുവിനും കൈമാറുന്നതിൻ്റെ തെളിവുകൾ ശേഖരിച്ചു. കുട്ടിയെ വാങ്ങിയ ഭിക്ഷാടകരായ ചിന്നാരിയും ബൊള്ള ശ്രീനിവാസുലുവും ഒരു കുട്ടിയുമായി രാജമഹേന്ദ്രവാരത്തേക്കുള്ള ബസിൽ കയറിയതായി പരാതി ലഭിച്ച സ്വിഫ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തുകയും ബസ് ഡ്രൈവറെ ബന്ധപ്പെടുകയും ചെയ്‌തു.

തുടർന്ന് രാജമുണ്ട്രി പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുകയും ബസ് സ്റ്റാൻഡിൽ ഇവരെ തടയുകയും ചെയ്‌തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ വാങ്ങിയതായും ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതായും ഇരുവരും സമ്മതിച്ചു. ശേഷം രാജമുണ്ട്രി പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി വിജയവാഡയിലേക്ക് തിരികെ കൊണ്ടുപോയി. തുടർന്ന് കുട്ടിയെ അമ്മയെ ഏൽപ്പിച്ചു.

സംഭവത്തിൽ കുട്ടിയുടെ പിതാവ് മസ്‌താൻ, ബൊള്ള ശ്രീനിവാസുലു, ചിന്നാരി എന്നിവർക്കെതിരെ കേസെടുത്തതായി സിഐ ജെ.വി. രമണ അറിയിച്ചു. ശേഷം മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *