വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദ്ദിച്ചയാൾ അറസ്റ്റിൽ
ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്നും കടന്നകളയുകയായിരുന്നു. ആക്രമണത്തിനിരയായ ഡോക്ടർ അഞ്ജലിയുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു.
നെറ്റിയിൽ മുറിവുമായിട്ടാണ് ഷൈജു വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയത്. മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിക്കാണു പരുക്കേറ്റത്. ഷൈജു മദ്യലഹരിയിലായിരുന്നെന്ന് അഞ്ജലി വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്നു അമ്പലപ്പുഴ പൊലീസിൽ ഡോക്ടർ പരാതി നൽകുകയായിരുന്നു.