ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ

തിരുവനന്തപുരം: മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 74 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. പക്ഷേ ആരാധകർ അവിടെ മാത്രം ഈ മമ്മൂട്ടി വാദം തിരുത്തി പറയും. അന്നും ഇന്നും സിനിമ മടുക്കാത്ത ഒരാളെ എങ്ങനെ കാലം പിടിയിറക്കുമെന്ന്.
പ്രായം മമ്മൂട്ടിക്ക് മുന്നില്‍ സലാം വച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 74 വർഷങ്ങള്‍. അഞ്ച് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും നല്ല കഥകള്‍ക്ക് ചെവി കൊടുക്കാന്‍ മടി കാണിക്കാറില്ല. തന്നിലെ നടനെ തേച്ചുമിനുക്കാന്‍ താരസിംഹാസനം തടസവുമല്ല. പുതിയ മമ്മൂട്ടി പഴയ മമ്മൂട്ടി എന്നൊന്നില്ല. എന്നും എപ്പോഴും അയാള്‍ വേഷങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.
1971 ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് തുടക്കം. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് അഭിനയത്തികവ് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകള്‍. എംടിയുടെ കഥാപാത്രങ്ങളെ മമ്മൂട്ടിയോളം അനശ്വരമാക്കിയ മറ്റാരുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്. അങ്ങനെ പലഭാഷകള്‍, പല മൊഴിഭേദങ്ങള്‍, ഒരേയൊരു മമ്മൂട്ടി. തന്നെ കാണാനെത്തുന്ന ആരാധകന്‍ കയ്യില്‍ കരുതേണ്ട ഒരു കാര്യമുണ്ട്. അവരുടെ നാട്ടില്‍ അവര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങളുടെ വിവരങ്ങള്‍. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും ആ ആരാധകന് മമ്മൂട്ടിയുടെ മനസിലാണ് സ്ഥാനം. അഭ്രപാളിയില്‍ മിന്നി തെളിയുമ്പോഴും നോവ് കാണുന്ന നക്ഷത്രമായി മമ്മൂട്ടി ഇനിയും നിറയും.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. 1951 സെപ്റ്റംബര്‍ 7-ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം.