ബംഗാളിൽ 2011 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ കോടതി റദ്ദാക്കി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ 2010 നു ശേഷം പുറപ്പെടുവിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ മുഴുവൻ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 2011ലാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ ബംഗാളിൽ അധികാരത്തിലേറിയത്. ഫലത്തിൽ, മമത സർക്കാരിനു കീഴിൽ അനുവദിക്കപ്പെട്ട മുഴുവൻ പിന്നാക്ക വിഭാഗ സർട്ടിഫിക്കറ്റുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നും ഈ വിധി താൻ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. ‘സംസ്ഥാന സർക്കാർ പാസാക്കിയ ഒബിസി സംവരണം തുടരും. വീടുവീടാന്തരം സർവേ നടത്തി, മന്ത്രിസഭ അംഗീകരിച്ച്, നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് സംവരണം നൽകുന്നത്’, മമത വിശദീകരിച്ചു.
ഒബിസി സംവരണം അനുവദിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിച്ചാണ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. എന്നാൽ, ഈ നിയമപ്രകാരം സംവരണത്തിന്‍റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർക്ക് അതിൽ തുടരുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്