മമതയുടെ രാജിക്കായി പ്രതിഷേധ മാർച്ച്, ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; വൻ സുരക്ഷ
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിൽ ഇന്ന് വൻ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാൻ’ (സെക്രട്ടേറിയറ്റ് മാർച്ച്) എന്ന പേരിട്ടിരിക്കുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് മമതാ സർക്കാർ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് പ്രതിഷേധ മാർച്ച് തടയാനാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ 31 വയസ്സുകാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനയുടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനർജി രാജി വയ്ക്കണമെന്നും വിദ്യാർഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആവശ്യപ്പെടുന്നുണ്ട്. റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാർഥി സംഘടനാ നേതാക്കൾ അറിയിച്ചിരിക്കുന്നത്.
പ്രതിഷേധത്തെ ഏതു വിധത്തിലും അടിച്ചമർത്താൻ തന്നെയാണ് പൊലീസിന്റെ നീക്കം. ബംഗാളിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകൾ തങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച വിദ്യാർഥി സംഘത്തിൽപ്പെട്ടയാൾ ഒരു രാഷ്ട്രീയ പാർട്ടി നേതാവിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കണ്ടുമുട്ടിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.
രാവിലെ മുതൽ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബാരിക്കേഡ് നിരത്താനാണ് പൊലീസ് നീക്കം. ഹേസ്റ്റിംഗ്സ്, ഫർലോങ് ഗേറ്റ്, സ്ട്രാൻഡ് റോഡ്, കൊൽക്കത്തയുടെ ഇരട്ട നഗരമായ ഹൗറ തുടങ്ങിയ സ്ഥലങ്ങൾ പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. 19 ഇടങ്ങളിൽ പ്രതിഷേധക്കാരെ തടയാനുള്ള നീക്കം ശ്കതമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം നഗരത്തിൽ ക്യാംപ് ചെയ്യുകയാണ്. അതിനിടെ യുജിസിഎൻഇടി പരീക്ഷ എഴുതാൻ നഗരത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.