നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

0

ഡൽഹി : നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും ഇത് അപമാനകരമാണെന്നും മമത തുറന്നടിച്ചു. ഇന്ത്യ മുന്നണിയിൽ നിന്ന് മമത മാത്രമായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്. ‘യോഗം ബഹിഷ്കരിച്ചാണ് ഞാൻ പുറത്തിറങ്ങിയത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാൻ 20 മിനിറ്റ് അനുവദിച്ചു. അസം, ഗോവ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ 10-12 മിനിറ്റ് സംസാരിച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് എനിക്ക് സംസാരിക്കാൻ അവസരം തന്നത്.സംസ്ഥാനങ്ങളെ വിവേചനത്തോടെ കാണരുതെന്ന് ഞാൻ കേന്ദ്രസർക്കാരോട് പറഞ്ഞു. എനിക്ക് കൂടുതൽ സംസാരിക്കണമായിരുന്നു, എന്നാൽ എന്റെ മൈക്ക് ഓഫാക്കി.

എന്തിനാണ് എന്നെ തടഞ്ഞതെന്ന് ഞാൻ ചോദിച്ചു.ഇത് അന്യായമാണ്. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തണം എന്നതിനാലാണ് ഞാൻ യോഗത്തിന്റെ ഭാഗമായത്’, മമത മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അവർ അനുവദിച്ചില്ല. ഇത് അപമാനകരമാണ്, ബംഗാളിനോട് മാത്രമല്ല, എല്ലാ പ്രാദേശിക പാർട്ടികളോടുമുള്ള അപമാനമാണ്. രാഷ്ട്രീയപക്ഷാതപരമായിരുന്നു ബജറ്റെന്ന് ഞാൻ യോഗ്തിൽ പറഞ്ഞു. അവർ എന്തിനാണ് മറ്റ് സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നത്? നീതി ആയോഗിന് സാമ്പത്തിക അധികാരമില്ല, അത് എങ്ങനെ പ്രവർത്തിക്കും? ഒന്നുകിൽ അതിന് സാമ്പത്തിക അധികാരം നൽകുക അല്ലെങ്കിൽ ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരിക’, മമത പറഞ്ഞു.

കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ നീതി ആയോഗത്തിൽ നിന്ന് വിട്ടുനിന്നത്. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. 2047ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്‍റെ ഇന്നത്തെ യോഗം. സംസ്ഥാന മുഖ്യമന്ത്രിമാരും ലെഫ്റ്റ്നെൻറ് ഗവർണർമാരുമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കേണ്ടത്. യോഗത്തിൻറെ ഭാഗമാകില്ലെന്ന് ആദ്യം വ്യക്തമാക്കിയത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു. പിന്നാലെയായിരുന്നു മറ്റ് ഇന്ത്യ സഖ്യ മന്ത്രിമാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം യോഗത്തിൽ പങ്കെടുക്കാനുള്ള മമതയുടെ തീരുമാനത്തെ ശിവസേന അടക്കമുള്ളവർ വിമർശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *