മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്: തെളിവ് നശിപ്പിച്ചു
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ ഐഎഎസ് പറയുന്നത് കളവെന്ന് പോലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചു. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നൽകുന്നതിൻ്റെ തലേദിവസം ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്തതന്ന് റിപ്പോർട്ട്. മല്ലു ഹിന്ദു വാട്ട്സാപ്പ് ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബർ 31ന് ഫോൺ ഫോർമാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം. എന്നാൽ ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകുന്നത് നവംബർ നാലിനായിരുന്നു. ഫോൺ ആദ്യമായി ഫോർമാറ്റ് ചെയ്തതാകട്ടെ പരാതി നൽകുന്നതിൻ്റെ തലേന്ന് നവംബർ മൂന്നിനായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പോലീസ് ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ ഫോൺ കൈമാറാൻ തയ്യാറായില്ലെന്ന ഗൗരവമുള്ള പരാമർശവും റിപ്പോർട്ടിലുണ്ട്. പോലീസ് ഫോൺ ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ മറ്റൊരു ഫോണ് ഹാജരാക്കി. വാട്സാപ്പ് ഉപയോഗിച്ചിരുന്ന SM-S711B/DS സാംസങ്ങ് ഫോൺ ഹാജരാക്കിയത് പിന്നീടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി തവണ ഫോർമാറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ച ശേഷമാണ് ഫോൺ ഹാജരാക്കിയത്. ഒന്നിലധികം തവണ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഫോർമാറ്റ് ചെയ്തത് സംശയമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇത്രയും ഗൗരവമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമെന്ന് തെളിഞ്ഞിട്ടും സർക്കാർ നടപടിയെടുക്കാത്തതും ചർച്ചയാകുന്നുണ്ട്.നേരത്തെ ചാർജ് മെമ്മോയിൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള പരാമർശങ്ങൾ ഒഴിവാക്കിയത് റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഗുരുതരമായ പിഴവുകളാണ് ചാർജ് മെമ്മോ തയ്യാറാക്കിയതിൽ ഉണ്ടായിട്ടുള്ളത്. പൊലീസിൽ നൽകിയ വ്യാജ പരാതിയെക്കുറിച്ച് ചാർജ് മെമ്മോയിൽ ഒരക്ഷരം പോലുമില്ല. തെളിവ് നശിപ്പിച്ചത് കുറ്റമായി മെമ്മോയിൽ പറയുന്നില്ല. ഇവയെല്ലാം ഒഴിവാക്കി ഐഎഎസുകാർക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ ഉള്ളത്.