എൻ്റെ ആളുകൾക്ക് ഇപ്പോഴും ക്ഷേത്രത്തിൽ പ്രവേശനമില്ല: മല്ലികാർജുൻ ഖാർഗെ

0

പ്രാണപ്രതിഷ്ഠയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “എൻ്റെ ആളുകൾക്ക് ഇപ്പോഴും പല ക്ഷേത്രങ്ങളിലും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവർക്കത് സഹിക്കാനാകുമായിരുന്നോ” എന്നായിരുന്നു ഖാർഗെയുടെ മറുപടി.

പട്ടികജാതിയിൽപ്പെട്ട ജനം ഇപ്പോഴും ഇന്ത്യയിൽ വിവേചനം അനുഭവിക്കുന്ന സാഹചര്യമാണുള്ളത്.രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും, റാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചെന്നും ഖാർഗെ ആരോപിച്ചു. ആയോധ്യയിലെ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ ദ്രൗപതി മുർമുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പുതിയ പാർലമെൻ്റ് മന്ദിരത്തിന് തറക്കല്ലിടാൻ അന്നത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദിനും അനുമതിയില്ലായിരുന്നു. പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർ ആയതുകൊണ്ടാണ് അവർക്ക് ഈ വിവേചനം നേരിട്ടതെന്നും ഖാർഗെ അഞ്ഞടിച്ചു.ഇന്ത്യൻ എക്സപ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അത് വ്യക്തികളുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ തീരുമാനമാണ് എന്നായിരുന്നു മറുപടി. “അയോധ്യ ക്ഷേത്രത്തിൽ പോകണമെന്ന് തോന്നിയാൽ ആർക്കും പോകാം. പ്രാണപ്രതിഷ്ടാ ദിനത്തിലോ, അതുകഴിഞ്ഞോ, പിന്നീടൊരു ദിവസമോ അങ്ങനെ എപ്പോൾ വേണമെങ്കിലും പോകാം. പക്ഷെ മോദി പൂജാരി അല്ല. പിന്നെന്തുകൊണ്ടാണ് പ്രതിഷ്ഠാ ചടങ്ങിൽ പ്രധാന കർമ്മിയായി അദ്ദേഹം പങ്കെടുത്തത്? അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അവിടെ നടന്നത് രാഷ്ട്രീയ പരിപാടി ആയിരുന്നോ, മതാചാരമായിരുന്നോ എന്ന് സംശയമുണ്ട്.നിങ്ങളെന്തിനാണ് മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത്. ഇവിടുത്തെ പല ക്ഷേത്രങ്ങളിലും എൻ്റെ ആളുകൾക്ക് പ്രവേശനമില്ല. പലയിടങ്ങളിലും ക്ഷേത്രപ്രവേശനത്തിന് പോരാട്ടങ്ങൾ നടത്തണം. ഗ്രാമങ്ങളിലെ ചെറിയ ക്ഷേത്രങ്ങളിൽ പോലും തങ്ങളുടെ ആളുകൾക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കുടിക്കാൻ അവകാശമില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ അവകാശമില്ല, കല്യാണത്തിന് വരനും വധുവിനും കുതിരപ്പുറത്ത് സഞ്ചരിച്ചാൽ മർദ്ധനമേൽക്കേണ്ടിവരും. എന്തിനേറെ മീശ പോലും വടിപ്പിക്കുന്നു.അങ്ങനെയുള്ളപ്പോൾ ഞാൻ പ്രാണപ്രതിഷ്ഠയ്ക്ക് പോയാൽ അവർക്കത് സാഹിക്കാനാകുമെന്ന് തോന്നുന്നുണ്ടോ ഖാർഗെ ചോദിച്ചു.

“പ്രാണപ്രതിഷ്ഠ പൂർണ്ണമായും മതപരമായ ചടങ്ങായിരുന്നു. വിശ്വാസികൾക്ക് അത് അവരുടെ പരിപാടിയാണ്, അവർക്ക് പോകാം. നമുക്ക് 33 കോടി ദൈവങ്ങളും ദേവികളുമുണ്ട്. എൻ്റെ ആളുകൾക്ക് ആരാധനയ്ക്ക് അനുമതി നൽകിയാൽ ഞങ്ങൾ 33 കോടി ദൈവങ്ങളെയും ആരാധിക്കും”-ഖാർഗെ പറഞ്ഞു. നാനൂറിലധികം സീറ്റ് നേടി മൂന്നാമതും അധികാരത്തിലെത്താമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാമോഹം മാത്രമാണ്. ജനം ഒരു മാറ്റമാഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ ഭരണഘടന മാറ്റുന്നതിനേക്കുറിച്ചാണ് ബിജെപി നേതാക്കൾ സംസാരിക്കുന്നതെന്നും ഖാർഗെ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *