മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ആനിശേഖറിന് ശേഷം ജോജോ തോമസ് ?
മുരളീദാസ് പെരളശ്ശേരി
മുംബൈ: മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പ് മത്സരത്തിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഭരണപക്ഷമായ ‘മഹായുതി ‘ സഖ്യം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ശിവസേനയുടെ ചില കടുംപിടുത്തങ്ങൾ കാരണം മഹാവികാസ് അഗാഡി (ഉദ്ദവ് ശിവസേന- കോൺഗ്രസ്സ് – എൻസിപി (ശരദ് ) ) സഖ്യത്തിൽ ഇപ്പോഴും തീരുമാനങ്ങൾ വൈകുകയാണ്.എന്നിരുന്നാലും ഇന്ന് വൈകുന്നേരം കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.ഇന്നലെ അപ്രതീക്ഷിതമായി ഉദ്ദവ് താക്കറെ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും എൻസിപി ,കോൺഗ്രസ്സ് പാർട്ടികൾക്ക് ശക്തിയുള്ള ചില കേന്ദ്രങ്ങളിൽ അവരുടെ സ്ഥാനാർത്ഥികളെ നിർത്തിയതും മുന്നണികൾക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
285 സീറ്റ് തുല്യമായി വീതിച്ച് 5 സീറ്റു സഖ്യത്തിലുള്ള മറ്റ് ചെറിയപാർട്ടികൾക്ക് നൽകാനാണ് തീരുമാനം .
കോൺഗ്രസ്സ് വൈകുന്നേരം 70 സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളും പേരും പ്രഖ്യാപിക്കുമ്പോൾ മറുഭാഷക്കാരോടോപ്പം മഹാനഗരത്തിലെ മലയാളികൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് അതിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും ‘ആൾ മുംബൈ മലയാളി അസ്സോസിയേഷൻ (അമ്മ )’ സാരഥിയുമായ ജോജോതോമസിൻ്റെ പേരുണ്ടാകുമോ എന്നതാണ്.
വർഷങ്ങളായി മലയാളികളുടെതായ നിരവധി പൊതു വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പ്രശ്‌ന പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ജോജോതോമാസിൻ്റെ നിയമസഭയിലെ സാന്നിധ്യം മുംബൈയിലെ ഓരോമലയാളിയും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകാൻ പേര് രജിസ്റ്റർ ചെയ്തവരിൽ ജോജോതോമസും ഉണ്ടെന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ രാഷ്ട്രീയ വ്യത്യാസം മറന്നുള്ള പിന്തുണ അദ്ദേഹത്തിന് മുംബൈ മലയാളികളിൽ നിന്ന് ലഭിച്ചിരുന്നു. മഹാരാഷ്ട്ര കോൺഗ്രസ്സിന്റെ ചരിത്രത്തിൽ എംപിസിസിയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യമലയാളിയാണ് കണ്ണൂർ സ്വദേശിയായ ജോജോതോമസ് .
ഇതുവരെയുള്ള മഹാരാഷ്ട്രയുടെ രാഷ്ട്രീയചരിത്രത്തിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു മലയാളിൽ മാത്രമാണുള്ളത് .സാന്തക്രൂസ് (കലീന )ൽ തെരഞ്ഞെടുക്കപ്പെട്ട സിഡി ഉമ്മച്ചനും, കൊളാബ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആനി ശേഖറും .ഇവർ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല .
2009 ൽ ആനിശേഖർ 39,779 വോട്ടുകൾ നേടിയാണ് വിജയിച്ചത് .അതിന് ശേഷം കൊളാബ, ബിജെപിയുടെ സ്വാധീനമുള്ള മണ്ഡലമായി മാറി .2019 ൽ രാഹുൽ സുരേഷ് നരേഖർ 57 ,350 വോട്ടുകൾ നേടിയാണ് ഇവിടെ വിജയിച്ചത്. കൃസ്ത്യൻ -മുസ്ളീം വോട്ടർമാർ കൂടുതലുള്ള, സിഡി ഉമ്മച്ചനെ എംഎൽഎ ആക്കിയ കലീനയിൽ മലയാളിയായ ജോർജ്ജ് എബ്രഹാം 2019 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഇവിടെ മത്സരിച്ചെങ്കിലും ശിവസേനയുടെ സഞ്ജയ് ഗോവിന്ദ് പൊട്ടാനിസ് ആണ് വിജയിച്ചത്. 2014 മുതൽ അദ്ദേഹം അവിടത്തെ ജനപ്രതിനിധിയാണ്. കലീനയിൽ നിന്നും മൂന്നുവർഷം നഗരസഭ കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടയാളായിരുന്നു എർണ്ണാകുളം വരാപ്പുഴ സ്വദേശിയായ ജോർജ്ജ് എബ്രഹാം.
2009 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഇവിടെ നിന്നും ജയിച്ച കൃപാശങ്കർ സിങ് ബിജെപിയിലേക്ക് കാലുമാറിയതിന് ശേഷം കോൺഗ്രസ്സിന് ഇവിടെ തിരിച്ചുവരാൻ സാധിച്ചിട്ടില്ല .പക്ഷേ ജോജോതോമസിനു
ബാന്ദ്രപോലെ പ്രതീക്ഷ നൽകുന്ന മണ്ഡലങ്ങളിലൊന്ന് ഇതാണ്.
എംഎൽഎമാരായ മലയാളികളും മത്സരിച്ചു തോറ്റ മലയാളിയും മലയാളികൾക്കിടയിലൂടെ പ്രവർത്തിച്ചുവന്നവരോ മലയാളികളുടെ വിഷയങ്ങളിൽ മാത്രം ഇടപെടൽ നടത്തി രാഷ്ട്രീയ പ്രവർത്തനം നടത്തിയവരോ ആയിരുന്നില്ല. സ്‌കൂൾ തലം മുതൽ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിച്ചു വളർന്നു വന്ന, ജോജോതോമസിന് സമാനമായ രാഷ്ട്രീയ ഭൂതകാലവും അവർക്കുണ്ടായിരുന്നില്ല.
സംഘടനാ തലത്തിലും സാമൂഹ്യരംഗത്തുമുള്ള പ്രവർത്തന പരിചയവും രാഷ്ട്രീയ വിശുദ്ധിയും മറാത്ത രാഷ്ട്രീയത്തിൽ പ്രസക്തമല്ലെങ്കിലും ഉന്നത നേതാക്കളിൽ ഉള്ള സ്വാധീനം ജോജോതോമസിന് ചിലപ്പോൾ ഗുണകരമായേക്കാം. മുംബൈയിലെ മലയാളികൾ ആഗ്രഹിക്കുന്ന ഒരു സ്ഥാനാർത്ഥിത്വ൦ കൂടിയാണിത് .
അതുകൊണ്ട് തന്നെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം .
അടിക്കുറിപ്പ് :
മലയാളികൾക്ക് ജനസംഖ്യാപരമായി പ്രാമുഖ്യമുള്ള നിരവധിപ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ഉണ്ടെങ്കിലും ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഗൗരവത്തോടെ കാണുന്നവർ ഇവരിൽ വളരെക്കുറവാണ്. രാഷ്ട്രീയ പ്രബുദ്ധതയൊക്കെ അൽപ്പം കൂടുതലാണെങ്കിലും വോട്ടിംഗ് കാർഡ് ഇല്ലാത്തവരും ,ഉണ്ടെങ്കിൽ തന്നെ അതൊരു തിരിച്ചറിയൽ കാർഡായി മാത്രം ഉപയോഗിക്കുന്നവരും ഇവിടെ ധാരാളമുണ്ട് .വിശ്വസിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥികൾ ഇല്ലെന്ന കാരണത്താൽ സമ്മതിദാനാവകാശം ഉപയോഗിക്കാത്തവരും , ‘ഇവിടെ ആരുജയിച്ചാലും നമുക്കെന്ത് ‘ എന്ന തോന്നൽ യാന്ത്രിക ജീവിതത്തിൻ്റെ ‘സൈഡ് എഫക്റ്റാ’യി മാറി അരാഷ്ട്രീയവാദികളായി മാറിയവരുമുണ്ട് . ഒരുഭാഗത്ത് ഇങ്ങനെയൊക്കെയാണെങ്കിലും സജീവരാഷ്ട്രീയവും സാമൂഹ്യപ്രവർത്തനവുമൊക്കെയായി കർമ്മഭൂമിയിൽ ഊർജ്വസ്വലതയോടെ പ്രവർത്തിക്കുന്നവരും ധാരാളമുണ്ട് .ഓരോ മണ്ഡലങ്ങളിലേയും രാഷ്ട്രീയ ചിത്രം മാറ്റാനുള്ള അംഗസംഖ്യ നമുക്കുണ്ടെങ്കിലും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർഥ്യം.
മത്സരിക്കുന്നത് ഒരു മലയാളിയാണെന്നറിഞ്ഞാൽ അയാളെ തോൽപ്പിക്കാൻ കർമ്മനിരതരാകുന്നവരാണ് ഏറെപ്പേരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ…!