സൗദിയിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു : ഒരാൾ മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ് നഗരത്തിന്റെ കിഴക്ക് നദീമിൽ വച്ച് അപകടത്തിൽ പ്പെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാർ ഓടിച്ചിരുന്ന അജു ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ഇടിച്ചുമറിയുകയായിരുന്നു.
പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരണപ്പെടുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം കിഴക്കമ്പലം വാലയിൽ വികെ പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് മരിച്ച അജു പോൾ. 25 വർഷത്തിലധികമായി സൗദിയിലെ ജീവനക്കാരനാണ് അജു.