ഹൃദയത്തിൽ ട്യൂമറും ബ്ലോക്കും ബാധിച്ച ഡോംബിവ്‌ലി നിവാസിക്ക് ഇരട്ട ശസ്ത്രക്രിയ നടത്തി പുതു ജീവിതം നൽകി മലയാളി ഡോക്ടർ

മുംബൈ : ദശലക്ഷത്തിൽ ഒരാൾക്ക് എന്ന നിലയിൽ അപൂർവ്വമായി കണ്ടുവരുന്ന ഹൃദയത്തിലെ ട്യൂമറും അതോടൊപ്പം ഹൃദയത്തിൽ ബ്ലോക്കും ബാധിച്ചയാൾക്ക് ഇരട്ട ശസ്ത്രക്രിയ നടത്തി പുതു ജീവിതം നൽകി പ്രമുഖ ഹൃദയശാസ്ത്രക്രിയാ വിദഗ്ദ്ധനും മലയാളിയുമായ ഡോ.ബിജോയ് കുട്ടി.
അറുപത്തിയേഴുകാരനായ ഡോംബിവ്‌ലി നിവാസി യോഗേഷ് മെഹ്തയെയാണ് യഥാർത്ഥ രോഗം കണ്ടെത്തി കൃത്യമായ ചികിത്സ നൽകി ജീവിതത്തിലേക്ക് ഡോ .ബിജോയ് കുട്ടി തിരിച്ചുകൊണ്ടുവന്നത് . വയറിളക്കവും ക്ഷീണവും ബാധിച്ച് കഴിഞ്ഞ രണ്ടു മാസമായി പല ഡോക്ട്ടറെയും കണ്ട് പരിഹാരം ലഭിക്കാതിരുന്ന മെഹ്തയെ കഴിഞ്ഞ മാർച്ച് 23 ന് വീട്ടിലെ കുളിമുറിയിൽ വീണതിന് ശേഷമാണ് ഡോംബിവ്‌ലിയിലെ ഐക്കോൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് ഡോ. ബിജോയ് കുട്ടി നടത്തിയ പരിശോധനയിൽ ആണ് മെഹ്തയുടെ ഹൃദയത്തിൽ ബ്ലോക്കും അതോടൊപ്പം ട്യൂമറും ബാധിച്ചതായി കണ്ടെത്തുന്നത്. തുടർന്ന് രോഗിയെ മുളുണ്ടിലെ ഡോ.ബിജോയ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ളാറ്റിനം ഹോസ്പിറ്റലിലേക്ക് മാറ്റുകയും ഇരട്ട ശസ്ത്രക്രിയയിലൂടെ ട്യൂമറും ബ്ളോക്കും നീക്കം ചെയ്യുകയുമായിരുന്നു..ഏകദേശം ഒരു ഓറഞ്ചിൻ്റെ വലുപ്പമുള്ള മുഴയാണ് മെഹ്തയുടെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്തതെന്ന് ഡോ. ബിജോയ് കുട്ടി പറഞ്ഞു.
ഭാര്യയും മൂന്നുമക്കളുമുള്ള ഡോംബിവ്‌ലിയിൽ ഹാർഡ്‌വെയർ ഷോപ് നടത്തുന്ന യോഗേഷ് മെഹ്ത ഇപ്പോൾ
ജീവിതം തിരിച്ചുലഭിച്ചതിന്റെ സന്തോഷത്തിലാണ് .കുടുംബവും..
സങ്കീർണ്ണമായ ഹൃദയരോഗങ്ങൾ ബാധിച്ച നിരവധി രോഗികൾക്ക് ചികിത്സയിലൂടെയും ശസ്ത്രക്രിയയിലൂടെയും രോഗവിമുക്തി നൽകിയ ഡോക്റ്ററാണ് ഡോ.ബിജോയ് കുട്ടി.ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ‘വേൾഡ് മലയാളി ഫെഡറേഷൻ്റെ ‘മഹാരാഷ്ട്ര ചാപ്റ്റർ വൈസ്പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.