മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം – KB.ഉത്തംകുമാർ
മുംബൈ: മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ പറഞ്ഞു. മലയാളികൾ ഏറെ വസിക്കുന്ന വസായ്, വിരാർ, താനെ, കല്യാൺ ഡോംബിവല്ലി, പൻവേൽ, ഐരോളി, ബേലാപ്പൂർ, പൂന, നാഗ്പ്പൂർ മേഖലകളിൽ ബി ജെ പി നേടിയ തിളക്കമാർന്ന വിജയത്തിനു പിന്നിൽ മലയാളി സമൂഹത്തിൻ്റെ വലിയ പിന്തുണയുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി മലയാളികൾ തിങ്ങിപ്പാർക്കുന്ന പത്തോളം മണ്ഡലങ്ങളിൽ നടത്തിയ പ്രചരണം ഫലം കണ്ടു. പത്തിടത്തേയും സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മഹായുതി സഖ്യത്തിൻ്റെ വിജയത്തിൽ ഭാഗവാക്കായ മലയാളി സമൂഹത്തിന് നന്ദി അറിയിക്കുന്നതായും പുതിയ സർക്കാരിൽ നിന്ന് നമുക്ക് അർഹമായ എല്ലാ പരിഗണന ലഭിക്കുമെന്നും ഉത്തം കുമാർ അറിയിച്ചു.