മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻപി ജയചന്ദ്രന്‍ അന്തരിച്ചു!
മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാവഗായകന്‍ എന്ന് സംഗീത പ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയചന്ദ്രന്‍ സിനിമകള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിഗാന ത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് തീരാനഷ്്ടമാണ് പി ജയചന്ദ്രന്റെ വേർപാട് .
1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ഗാനങ്ങൾ ശ്രദ്ധനേടി. 2008ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA..എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്. ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.
സഹ്യ ടിവി & ന്യുസ് കുടുംബത്തിന്റെ ആദരാജ്ഞലികൾ പ്രിയഗായകന് അർപ്പിക്കുന്നു….കണ്ണീർ പ്രണാമം !