മലയാളി കന്യാസ്ത്രീകളുടെ മോചനം: ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് വിമർശനം

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചു. മറ്റ് പരിവാര്‍ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്ത് വേണമായിരുന്നു വിഷയത്തില്‍ ഇടപെടേണ്ടിയിരുന്നതെന്നും യോഗത്തില്‍ ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചു. ബിജെപി പുനഃസംഘടന നടന്നതിന് ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമായിരുന്നു ഇന്ന് കൊച്ചിയില്‍ നടന്നത്.
യോഗത്തില്‍ ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്ത രീതിയും അവലോകനം ചെയ്തു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതില്‍ സംസ്ഥാന നേതൃത്വം കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.എന്നാല്‍ ഈ വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ടത് നേട്ടമായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പരിവാര്‍ സംഘടനകളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും നേതൃത്വം വിശദീകരിച്ചു.