മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര് വിമാനാപകടത്തിൽ മരിച്ചു
ലോങ്വേ: വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ (51) ഉൾപ്പടെ 10 പേർ പേര് മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തിൽ കണ്ടെത്തിയെന്നും ആരുടെയും ജീവന് രക്ഷിക്കാനായില്ലെന്നും മലാവി പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു. സോലോസ് ചിലമി സഞ്ചരിച്ച സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലോങ്വേയിൽ നിന്ന് പുറപ്പെട്ടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. റഡാറിൽ നിന്ന് വിമാനം കാണാതായത് മുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതർ വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്.
പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയുടെ ഭാര്യ മേരിയും ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്.
മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. 2014 മുതൽ മലാവിയുടെ വൈസ് പ്രസിഡൻ്റാണ് ചിലിമ. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്നേ യൂണിലിവർ, കൊക്ക കോള തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ അദ്ദേഹം നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്