മലപ്പുറം പരാമര്‍ശം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കഴിഞ്ഞ 13ന് തന്നെ ഡല്‍ഹിയില്‍ പിആര്‍ കുറിപ്പ്: പിന്നില്‍ ആര്?

0

 

തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല എന്നു മന്ത്രിമാരും സിപിഎം നേതാക്കളും ആവര്‍ത്തിക്കുമ്പോള്‍ ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 13ന് പിആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. മലപ്പുറത്തെ സംബന്ധിച്ച വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന വാദങ്ങളടങ്ങിയ വാര്‍ത്തക്കുറിപ്പാണ് ഡല്‍ഹിയിലെ വിവിധ ദേശീയമാധ്യമങ്ങള്‍ക്കു മാത്രമായി പിആര്‍ ഏജന്‍സിയില്‍നിന്നു ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരത്തില്‍ കുറിപ്പ് സ്വന്തം നിലയ്ക്ക് പിആര്‍ ഏജന്‍സികള്‍ക്കു കൊടുക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ദേശീയ മാധ്യമങ്ങള്‍ക്കു കുറിപ്പ് കൊടുത്തതിനു പിന്നില്‍ ആരാണെന്നതും വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകും.

സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നടക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മുഖ്യമന്ത്രിയെ ന്യായീകരിക്കാനുള്ള പിആര്‍ നീക്കങ്ങള്‍ സജീവമായി ആരംഭിച്ചിരുന്നു. സ്വര്‍ണക്കടത്തു മാഫിയയെ ഇല്ലാതാക്കാന്‍ നടത്തിയ ഇടപെടലുകള്‍ കാരണമാണു മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതെന്നാണു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. 2020 മുതല്‍ 337 ഹവാല കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 122.55 കോടി രൂപ പിടിച്ചെടുത്തു, ഇതില്‍ വലിയൊരു ഭാഗം തുകയും നിരോധിത സംഘടനകളെ പിന്തുണയ്ക്കാന്‍ വേണ്ടി എത്തിയതാണ്. ഇതില്‍ കൂടുതലും മലപ്പുറത്തുനിന്നാണു പിടികൂടിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 188 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 81 കോടി രൂപ വിലമതിക്കുന്ന 147.78 കിലോ സ്വര്‍ണം പിടികൂടിയെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണ, ഹവാല മാഫിയയ്‌ക്കെതിരായ സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്കു കാരണമെന്നു കുറിപ്പില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വിരുദ്ധ ശക്തികളെ കേരളത്തിലും വിദേശത്തും, പ്രത്യേകിച്ച് യുഎഇയില്‍ നെറ്റ്‌വര്‍ക്കുള്ള മാഫിയകളാണ് ഫണ്ട് ചെയ്യുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും പിആര്‍ ഏജന്‍സി നല്‍കിയ കുറിപ്പിലുണ്ട്. നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ത്ത് ക്രമേണ സംസ്ഥാനത്ത് നേതൃമാറ്റമാണ് ഇവരുടെ ലക്ഷ്യമെന്നും പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പണം നല്‍കുന്നതും ഈ മാഫിയയാണ്. സ്വര്‍ണവ്യാപാരിമാര്‍, ക്രിമിനല്‍ സംഘങ്ങള്‍, കുറിയര്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി അനധികൃത ഇടപാടുകളുടെ ഗുണഭോക്താക്കള്‍ ആയിരുന്നവരാണ് ഈ നീക്കത്തിനു പിന്നില്‍. ശക്തമായ നടപടി സ്വീകരിക്കുന്ന കേരളാ പൊലീസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ഇഡിയും സിബിഐയും അന്വേഷിച്ചിട്ടും ഒരു തെളിവും ലഭിച്ചില്ലെന്നും കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങളാണ് ‘ദ് ഹിന്ദു’ അഭിമുഖത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതായി പറയുന്നതും വന്‍ വിവാദമായതും. പിആര്‍ ഏജന്‍സി നല്‍കിയ വാര്‍ത്തക്കുറിപ്പ് സര്‍ക്കാരിന്റേതായിരുന്നില്ലെങ്കിലും സര്‍ക്കാരിനെ അനുകൂലിക്കുന്ന രീതിയിലായിരുന്നു ഉള്ളടക്കം. അബദ്ധത്തില്‍ വന്നുപോയ പരാമര്‍ശങ്ങളല്ല ഇവയെന്നും പിന്നില്‍ കൃത്യമായ ആലോചനയുണ്ടായിരുന്നുവെന്നും സംശയിക്കാന്‍ ഇതു കാരണമാകുന്നു.

പിന്നീട് മുഖ്യമന്ത്രി സെപ്റ്റംബര്‍ 21നു നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. മറ്റൊരു ജില്ലയിലെയും കണക്കുകള്‍ പറയാതെ മലപ്പുറത്തു പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കുകള്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. ‘‘മൂന്നു വര്‍ഷത്തിനിടെ ആകെ 147.79 കിലോ സ്വര്‍ണം പിടിച്ചതില്‍ മലപ്പുറത്തു മാത്രം പിടിച്ചത് 124.47 കിലോയാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടിയുടെ ഹവാലപ്പണം പിടിച്ചതില്‍ 87.22 കോടി മലപ്പുറത്തുനിന്നാണ്. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നതു നാടിനെതിരായ കുറ്റകൃത്യമാണ്’’ -എന്നാണു മുഖ്യമന്ത്രി അന്നു പറഞ്ഞത്. പി.വി.അന്‍വര്‍ ഇത്തരക്കാര്‍ക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നു ധ്വനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതാണ് അന്‍വറിനെ ചൊടിപ്പിച്ചതും മുഖ്യമന്ത്രിക്കെതിരായ തുറന്ന യുദ്ധത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *