മലപ്പുറത്ത് ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം
മലപ്പുറം∙ ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് ഉടന്‍ പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.