‘മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താൻ ശ്രമം; ജനങ്ങളെ സിപിഎമ്മിന് എതിരാക്കിയത് പൊലീസ്’

0

 

നിലമ്പൂർ∙  ആരു പറഞ്ഞാലും മാറാൻ കഴിയുന്ന അവസ്ഥാ വിശേഷത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി.അൻവർ എംഎൽഎ. തന്നെ വിമർശിച്ച മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണ്. മുസ്‍ലിം പ്രീണനമല്ല, പൊലീസ് നയമാണ് ലോക്സഭാ തിര‍‍ഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്നും അൻവർ പറഞ്ഞു.പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞാലും പിണറായി മാറുമെന്ന് വിചാരിക്കുന്നില്ലെന്ന് അൻവർ പറ‍ഞ്ഞു. പിണറായി പറയുന്ന കാര്യങ്ങളെ മാറുന്ന സിപിഎം സമീപനത്തിന്റെ ഭാഗമായി കാണാൻ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായേ കാണാൻ കഴിയൂ.

കഴിഞ്ഞ ഒന്നര വർഷമായി പിണറായിയുമായി ബന്ധപ്പെട്ട് ഈ രീതിയാണ് കാണുന്നത്. മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് മലപ്പുറം ജില്ലാ സെക്രട്ടറി പൂർണ പിന്തുണ അറിയിക്കുകയാണ്. മലപ്പുറം ജില്ലയിൽ പ്രതികളുടെയും എഫ്ഐആറിന്റെയും എണ്ണം വർധിപ്പിച്ചു. ദേശീയ തലത്തിൽ കണക്കുകൾ പരിശോധിക്കുമ്പോൾ ക്രിമിനൽ കേസുകളുടെ എണ്ണം ജില്ലയിൽ വർധിച്ചതായി കാണിക്കും. ജില്ലയിൽ മുസ്‌ലിങ്ങളാണ് കൂടുതൽ. പ്രശ്നങ്ങൾക്ക് കാരണം മുസ്‌ലിങ്ങളാണെന്ന് വരും. ഒരു ജനാധിപത്യ നീതിയും ജില്ലയിൽ ഉണ്ടായിട്ടില്ല.സിപിഎം വലിയ തെറ്റിദ്ധാരണയിലാണെന്ന് അൻവർ പറഞ്ഞു. അമിത മുസ്‌ലിം പ്രീണനമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ.

തെറ്റായ വിലയിരുത്തലാണത്. പൊലീസ് നയമാണ് എൽഡിഎഫിനെ പരാജയപ്പെടുത്തിയത്. കേരളത്തിലെ ജനങ്ങളെ പാർട്ടിക്ക് എതിരാക്കിയത് പൊലീസാണ്. പാർട്ടി അതിനെക്കുറിച്ച് പഠിക്കുന്നില്ല. കമ്യൂണിസ്റ്റുകാരൻ സ്റ്റേഷനിൽ ചെന്നാൽ രണ്ട് അടി അധികം കിട്ടും. 40,000 കേസ് മലപ്പുറത്ത് പൊലീസ് ബുക്ക് ചെയ്തതാണോ മുസ്‌ലിം പ്രീണനമെന്ന് അൻവർ ചോദിച്ചു. കാര്യങ്ങളെ തെറ്റായി അപഗ്രഥനം ചെയ്ത് പിണറായി ആർഎസ്എസ് ചങ്ങാത്തതിനു ശ്രമിക്കുന്നു. യാഥാർഥ്യം കാണാൻ ശ്രമിക്കുന്നില്ല. അതിന്റെ ഭാഗമായാണ് പിണറായി ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖം. പിണറായിയുടെ രീതി മാറിയെന്ന് ആർഎസ്എസ് നേതൃത്വത്തിന് തോന്നണം. അൻവർ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല, അൻവറിന് വിവരങ്ങൾ നൽകിയവരെക്കുറിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *