മലപ്പുറത്ത് 150 കിലോ സ്വര്‍ണം, 123 കോടി ഹവാല’: ആ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ പരാമര്‍ശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ദിനപത്രത്തിന്റെ എഡിറ്റര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു കത്തില്‍ പറയുന്നു. മലപ്പുറത്തിനെതിരായി മുഖ്യമന്ത്രി പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് എഡിറ്റര്‍ക്ക് കത്തയച്ചത്.
‘‘കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി.ഈ പണം കേരളത്തിലേക്ക് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു’ വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’’ – എന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ നിലപാട് ദുര്‍വ്യഖ്യാനിക്കപ്പെട്ടുവെന്നും വിവാദത്തിന് ഇടയാക്കിയെന്നും പ്രസ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഈ വിഷയങ്ങളില്‍ വന്ന പ്രസ്താവന മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.