മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു : പുഴകളിൽ ജലനിരപ്പ് ഉയരും

തിരുവനന്തപുരം: കേരളത്തിൽ റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്.
ഷട്ടറുകൾ തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം മഴക്കെടുതിക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനം വിലക്കി. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്.