‘സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിക്കുന്നത് ഒന്നാന്തരം ഫാസിസം’; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തി നില്‍ക്കെ ബിജെപിക്കും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയാതെ പറഞ്ഞിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രം കാണില്ലെന്ന് പ്രഖ്യാപിച്ചതോടെ അണികള്‍ക്കും കൃത്യമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ലിബറല്‍ മുഖത്തോടെ ബിജെപി പ്രസിഡന്റായ രാജീവ് ചന്ദ്രശേഖര്‍ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയതെന്നും സന്ദീപ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ട് സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണ്. താന്‍ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികള്‍ക്കും അത് കൃത്യമായ സന്ദേശമാണ്. ലിബറല്‍ മുഖത്തോടെ ബിജെപി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖര്‍ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയത്. ബിജെപിയുടെ നേതാക്കള്‍ നാല് ദിവസത്തിനകം പലതവണയാണ് നിലപാട് മാറ്റിയത്. സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോള്‍ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നു. ജനറല്‍ സെക്രട്ടറിമാരും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഒക്കെ ആദ്യമെടുത്ത നിലപാടില്‍ നിന്ന് ഇനി മാറുമോ? സിപിഐഎം ഒക്കെ പല സിനിമകളെയും രഹസ്യമായി ബഹിഷ്‌കരിച്ച് സാമ്പത്തിക പരാജയം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും പരസ്യമായി രാഷ്ട്രീയ പാര്‍ട്ടി ഒരു സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യമായിട്ടാണ്. രാജ്യത്തിന്റെ ഭരണഘടന എനിക്കും നിങ്ങള്‍ക്കും ഒക്കെ ഉറപ്പുവരുത്തിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം , ആവിഷ്‌കാര സ്വാതന്ത്ര്യം ഇതൊക്കെ പരട്ടത്ത് വച്ചുകൊള്ളാനാണ് അസഹിഷ്ണുതയുടെ വക്താക്കള്‍ പറയുന്നത്.
ഞാന്‍ മനസ്സിലാക്കുന്നിടത്തോളം എമ്പുരാന്‍ സിനിമ ഒരു കച്ചവട സിനിമ മാത്രമാണ്. വലിയ കലാമൂല്യമൊന്നും ആ സിനിമയില്‍ ഇല്ല. അത്തരം എത്രയോ സിനിമകള്‍ ഇറങ്ങിപ്പോകുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന സിനിമകള്‍ തമിഴിലും ഇറങ്ങിയിട്ടുണ്ട്. ഏന്നാല്‍ ഇതുപോലെ അസഹിഷ്ണുത മറ്റൊരു സിനിമയ്ക്ക് നേരെയും ഉണ്ടായിട്ടില്ല.
തമിഴ് തെലുങ്ക് സിനിമകളെ സാമ്പത്തിക വലിപ്പംകൊണ്ട് വെല്ലുവിളിക്കുന്നു എന്നത് മാത്രമാണ് ആ സിനിമയുടെ പ്രത്യേകത. മുരളി ഗോപിയും പൃഥ്വിരാജും തങ്ങള്‍ക്ക് തോന്നുന്ന ഒരു സിനിമയെടുത്ത് വച്ചു. അത് ആവശ്യമുള്ളവര്‍ കാണട്ടെ. ആവശ്യമില്ലാത്തവര്‍ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടവര്‍ രാഷ്ട്രീയമായി വിമര്‍ശിക്കട്ടെ. അതിനപ്പുറം സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ്. ബഹിഷ്‌കരണ ആഹ്വാനവും ജനാധിപത്യത്തിന് യോജിച്ച ശൈലിയല്ല.”