ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം

0

 

പത്തനംതിട്ട : ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകാന്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും.

ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. പതിനായിരക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദര്‍ശിക്കാന്‍ ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം തമ്പടിച്ചു കഴിയുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തും മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്പോട്ടുകള്‍ പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ പടിഞ്ഞാറേ കോളനി, ഇലവുങ്കല്‍, അട്ടത്തോട്, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്പോട്ടുകളില്‍ ഭക്തര്‍ക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയില്‍ ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നീ മൂന്ന് സ്പോട്ടുകള്‍ സജ്ജമാണ്. സന്നിധാനത്ത് തിരുമുറ്റത്തിന്‍റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്‍റെ മുന്‍വശം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫിസ് പരിസരം, പാണ്ടിത്താവളം, വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദര്‍ശിക്കാം.

ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ജനുവരി 20ന് ആണ് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കുക. മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ സന്നിധാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി സന്നിധാനത്തും വിവിധ കേന്ദ്രങ്ങളിലുമായി 5,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ അവസാനവട്ട പരിശോധന പൂർത്തിയാക്കിയിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആ൪. ജയകൃഷ്‌ണന്‍, സന്നിധാനം സ്പെഷ്യൽ ഓഫിസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *