അർജുനെ തിരയാൻ ആർഎഫ് വിദ്യ, ഇന്ത്യയിൽ ആദ്യം; കാർഗിലിനു ശേഷം നേരിട്ട വലിയ വെല്ലുവിളി
കോഴിക്കോട് ∙ കാർഗിൽ യുദ്ധത്തിനു ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്ന അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് മേജർ ജനറൽ (റിട്ട.) എം. ഇന്ദ്രബാലൻ. ഇന്ത്യയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകൾ ഷിരൂരിൽ ഉപയോഗിച്ചുവെന്നും ഇന്ദ്രബാലൻ പറഞ്ഞു. അർജുനെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സിഗ്നൽ പരിശോധനയ്ക്കുൾപ്പെടെ നേതൃത്വം നൽകിയത് ഇന്ദ്രബാലനായിരുന്നു. പല പ്രതിസന്ധികളും നേരിട്ടെങ്കിലും അതെല്ലാം മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷിരൂരിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രബാലൻ ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.
∙എന്തൊക്കെ പ്രതിസന്ധികളാണ് ഷിരൂരിൽ നേരിടേണ്ടി വന്നത് ?കാലാവസ്ഥയായിരുന്നു ഷിരൂരിൽ നേരിട്ട ഏറ്റവും വലിയ പ്രശ്നം. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ വളരെ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് 8 നോട്സ് ആയിരുന്നു. ഇത്രയും ശക്തമായ ഒഴുക്ക് വളരെ അപകടം പിടിച്ചതാണ്. കൂടാതെ ശക്തമായ മഴയും ഇടിയുമുണ്ടായിരുന്നു. കനത്ത മഴയിൽ ഉപകരണങ്ങൾ ഉപയോഗിക്കാനും സാധിക്കാതെ വന്നു. തിരച്ചിലിന് അനുകൂലമായ സാഹചര്യമായിരുന്നില്ല. സൈന്യം തിരച്ചിലിന് ഉപയോഗിച്ച ഒരു ക്യാമറ വെള്ളത്തിൽപോയി.
രണ്ടാം ദിവസം ആ പ്രദേശത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചപ്പോൾ ഒരു കാരണവശാലും ഡ്രോൺ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ രണ്ടു മാധ്യമങ്ങൾ ഡ്രോൺ പറത്തി. ഇതോടെ സൈന്യത്തിന്റെ ഡ്രോൺ അവരുടെ നിയന്ത്രണത്തിലേക്കു പോയി. ഈ ഡ്രോണും വെള്ളത്തിൽ വീണു.
∙ എന്തൊക്കെ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചത് ?ആർഎഫ് (റേഡിയോ ഫ്രീക്വൻസി) സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. 300–1000 മെഗാഹെഡ്സ് ഫ്രീക്വൻസി ബാൻഡിലാണ് അതു പ്രവർത്തിക്കുന്നത്. തരംഗങ്ങൾ മണ്ണിനടിയിലേക്കും വെള്ളത്തിലേക്കും കടത്തി വിടാം. മണ്ണിനടിയിലെ പൈപ് ലൈനോ മറ്റു വസ്തുക്കളോ കണ്ടെത്താൻ സിവിൽ എൻജിനീയറിങ്ങിൽ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു മീറ്റർ ആഴം വരെയേ പോകൂ. എന്നാൽ ഷിരൂരിൽ ഉപയോഗിച്ചത് നൂതന സാങ്കേതിക വിദ്യയാണ്. 5–10 മീറ്റർ വരെ മണ്ണിലും 30 മീറ്റർ വരെ വെള്ളത്തിലും സഞ്ചരിച്ച് സിഗ്നൽ തിരിച്ചു വരും. വെള്ളത്തിലോ മണ്ണിനടിയിലോ എന്തെങ്കിലും അസ്വാഭാവിക വസ്തുക്കൾ ഉണ്ടെങ്കിൽ തിരിച്ചറിയാം. തിരിച്ചെത്തുന്ന സിഗ്നലുകൾ അപഗ്രഥിച്ചാണ് വസ്തുക്കളെക്കുറിച്ച് പഠിക്കുന്നത്. എഐ ടെക്നോളജിയും മറ്റു ഡേറ്റകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ എന്തു വസ്തുവാണെന്നു കൃത്യമായി തിരിച്ചറിയാനാവില്ല. അതിന്റെ ദൃശ്യങ്ങളും ലഭിക്കില്ല.
∙ ഈ സങ്കേതിക വിദ്യ വേറെ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ?ഇന്ത്യയിൽ ഇതുവരെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ല. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിൽത്തന്നെ ഈ വിദ്യ ഉപയോഗിച്ചിട്ടില്ല എന്നാണ് വിവരം. ഇത്രയും ആഴത്തിൽ സിഗ്നൽ അയച്ച് ആരും വിവരം ശേഖരിച്ചിട്ടില്ല. പത്തു മീറ്ററിൽ കൂടുതൽ ആഴത്തിൽ ഏഷ്യയിൽ ഒരു രാജ്യവും പഠനം നടത്തിയിട്ടില്ല.
∙ മറ്റെന്തൊക്കെ ഉപകരണങ്ങളാണ് ഉപയോഗിച്ചത് ? തെർമൽ ഇമേജിങ് ക്യാമറ ഉപയോഗിച്ചു. അർജുൻ ജീവനോടെ ഉണ്ടെങ്കിൽ ശരീരത്തിന്റെ തെർമൽ സിഗ്നലുകൾ പിടിക്കാൻ സാധിക്കും. എന്നാൽ ഞങ്ങൾ എത്തിയപ്പോൾത്തന്നെ ആറു ദിവസം കഴിഞ്ഞിരുന്നു. ക്യാബിനിൽ അർജുൻ ഉണ്ടെങ്കിൽത്തന്നെ ക്യാബിന്റെ കപ്പാസിറ്റി 13,000 ക്യുബിക് ഫീറ്റ് ആണ്. അതിൽ ഓക്സിജന്റെ അളവ് നോക്കുമ്പോൾ 5 ശതമാനം മാത്രമായിരിക്കും. ഈ ഓക്സിജൻ കൊണ്ട് അഞ്ചു ദിവസം വരെ മാത്രമേ ജീവിക്കാൻ സാധിക്കൂ. അതിനാൽ തെർമൽ ഇമേജിങ് കൊണ്ടു കാര്യമില്ലെന്നു മനസ്സിലായി. കൂടാതെ നേവി സോണാർ സാങ്കേതിക വിദ്യയും ആർമി ഡീപ് സേർച്ച് മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ചു.
∙ ആർഎഫ് സാങ്കേതിക വിദ്യ ഉപയോഗിക്കാനുണ്ടായ കാരണം ?ആർഎഫ് സാങ്കേതിക വിദ്യ മുമ്പും ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്രയും വികസിച്ചിരുന്നില്ല. കഴിഞ്ഞ 40 വർഷമായി ഞാൻ ആർമിയിൽ ചെയ്തിരുന്നത് സ്ഫോടക വസ്തുക്കൾ കണ്ടെത്തുക എന്നതായിരുന്നു. സ്ഫോടക വസ്തുക്കൾ കണ്ടെത്താനാണ് ആർഎഫ് ടെക്നോളജി ആദ്യമായി വികസിപ്പിച്ചത്. സൈന്യം എവിടെയെങ്കിലും ദൗത്യവുമായി പോകുമ്പോൾ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സൈന്യം നീങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുകൂടി ഡ്രോൺ പറത്തുകയും എന്തെങ്കിലും അജ്ഞാത വസ്തുക്കൾ മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. അതിർത്തിയിൽ തുരങ്കങ്ങളിലൂടെ ഭീകരർ വരുന്നതും ആയുധങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്നതും കണ്ടെത്താൻ സാധിക്കും.
സിയാച്ചിനിലും മറ്റും ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുമ്പോൾ സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിപ്പോകാറുണ്ട്. രണ്ടു മണിക്കൂർ വരെ മഞ്ഞിനടിയിൽ ജീവനോടെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടെത്താനായാൽ ജീവൻ രക്ഷിക്കാം. എന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ അവരെ കണ്ടെത്താനുള്ള സംവിധാനം ഇതുവരെ ഇല്ലായിരുന്നു. പുതിയ ആർഎഫ് ടെക്നോളജി വന്നതോടെ 30 മീറ്റർ വരെ ആഴത്തിലുള്ള വസ്തു പോലും കണ്ടെത്താൻ സാധിക്കും. ഇതുവരെ നമ്മൾ നടത്തിയത് പരീക്ഷണങ്ങൾ മാത്രമായിരുന്നു. കർണാടക സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് നൂതന ആർഎഫ് സാങ്കേതിക വിദ്യ ഷിരൂരിൽ ഉപയോഗിക്കാൻ തീരുമാനിച്ചത്.
∙ മുൻപ് ഇത്രയും ബുദ്ധിമുട്ടേറിയ അനുഭവം ഉണ്ടായിട്ടുണ്ടോ ? കാർഗിൽ യുദ്ധമായിരുന്നു ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മൂന്നുമാസം ഞാൻ കാർഗിൽ യുദ്ധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. നിരവധി സൈനികർ കൊക്കയിലും കുഴികളിലും വീണുപോയിട്ടുണ്ട്. അവരെ തിരഞ്ഞു കണ്ടെത്തൽ വലിയ വെല്ലുവിളിയായിരുന്നു. അതും ഷിരൂരിലെ തിരച്ചിലും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. കാരണം അത് യുദ്ധമുഖമായിരുന്നു. അതിനു ശേഷം ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഷിരൂരിലേത്. യുദ്ധത്തിനു സമാനമായ ആലോചനകളും പദ്ധതി തയാറാക്കലുമാണ് നടന്നത്. അത് എന്തൊക്കെയായിരുന്നു എന്നു വെളിപ്പെടുത്താൻ സാധിക്കില്ല. ഞങ്ങൾ അതിന്റെ ക്രെഡിറ്റ് എടുക്കാനും താൽപര്യപ്പെടുന്നില്ല. ആർഎഫ് പരിശോധനയ്ക്ക് ഉപയോഗിച്ച ഉപകരണം വളരെ നല്ല ഫലമാണ് തന്നത്. അത് വലിയ ആത്മവിശ്വാസവും സന്തോഷവും പകരുന്നതാണ്.