അമേരിക്കയിൽ വൻ ഭൂകമ്പം :തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ന്യൂയോർക്ക്: അമേരിക്കയിൽ വൻ ഭൂകമ്പം. അലാസ്‌കയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി ഡിപാർട്ട്‌മെൻ്റ് അറിയിച്ചു. തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ.
36 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുടർ ഭൂചലനങ്ങൾക്ക് സാധ്യതുണ്ടെന്ന് എൻസിഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.ആഴത്തിലുള്ള ഭൂചലനങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂചലനങ്ങളാണ് കൂടുതൽ അപകടകരമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം, ഭൂചലന തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും മറ്റ് നാശനഷ്‌ടങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.
അലാസ്‌ക ഉൾക്കടലിൽ ഉണ്ടായ ഭൂചലനത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി യുഎസ് സുനാമി വാണിങ് സിസ്‌റ്റം. ബീച്ചുകളിലേയ്‌ക്കും മറ്റ് യാത്രകൾ ഒഴിവാക്കാനും സുരക്ഷിത ഇടങ്ങളിലോയ്‌ക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.അമേരിക്കൻ ഐക്യനാടുകളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന ഏറ്റവും അടിയന്തര മുന്നറിയിപ്പുകളിൽ ഒന്നാണ് സുനാമി മുന്നറിയിപ്പ്. അതിനർഥം ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയോ ഉൾനാടുകളിലേക്ക് പോകുകയോ ചെയ്യണമെന്നാണ്. അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അലാസ്‌കയിലാണ് ഏറ്റവും കൂടുതൽ ഭൂചലനം ഉണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ പ്രദേശത്ത് 130-ലധികം അഗ്നിപർവ്വതങ്ങളും അഗ്നിപർവ്വത മേഖലകളും ഉണ്ട്. കൂടാതെ കഴിഞ്ഞ ഇരുനൂറ് വർഷത്തിനിടെ പൊട്ടിത്തെറിച്ച യുഎസ് അഗ്നിപർവതങ്ങളുടെ മുക്കാൽ ഭാഗവും അലാസ്‌കയിലാണുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിലധികവും താമസിക്കുന്നത് 7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണെന്നാണ് വിലയിരുത്തൽ.