മാഹിയിലെ ക്ഷേത്രത്തിൽ മോഷണം: മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്ത്

മാഹി: മാഹിയിലെ പന്തക്കൽ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പന്തക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടും ബനിയനും ധരിച്ചെത്തിയ അഞ്ജാതനാണ് കവർച്ച നടത്തിയത്. മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാത്രിയോടെ മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതും ചുറ്റും നിരീക്ഷിച്ച് നേരെ അമ്പലത്തിനുള്ളിലേക്ക് കടക്കുന്നതും വീഡിയോയിൽ കാണാം.
പിന്നീട് ചുറ്റമ്പലത്തിനുള്ളിലെ ക്ഷേത്രം ഓഫീസിനുള്ളിൽ കയറി പണം മോഷ്ടിക്കുകയായിരുന്നു. പൂട്ട് തകർത്താണ് കള്ളൻ ഓഫീസിനുള്ളിൽ കയറിയത്. രാവിലെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹി രവി നികുഞ്ജം പറഞ്ഞു. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയിരുന്നു. മാഹി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തിയും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.