മഹാരാഷ്ട്ര: ട്രെയിൻ തീപിടിച്ചു എന്ന് അഭ്യൂഹം: എടുത്തുചാടിയ 11 പേർ മരിച്ചു
ജൽഗാവ് : ട്രെയിനിൽ തീപിടിച്ചു എന്ന് അഭ്യൂഹം പരന്നയുടനെ ട്രെയിനിൽ നിന്ന് എടുത്തുചാടിയ 11 പേർ അതിദാരുണമായി മരിച്ചു .ഇന്ന് വൈകുന്നേരം 4:20 നാണ് സംഭവം. മഹാരാഷ്ട്രയിലെ ജൽഗാവിലെ പരണ്ട റെയിൽവേ സ്റ്റേഷന് സമീപമാണ് ഗുരുതരമായ അപകടം ഉണ്ടായത്. പുഷ്പക് എക്‌സ്പ്രസിന് (മുംബൈ -ലക്‌നൗ) തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ജീവന് രക്ഷിക്കാൻ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി. എതിരെ വന്ന ബാംഗ്ലൂർ എക്സ്പ്രസ് അവരിൽ പലരെയും ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ നിരവധി ആളപായമുണ്ടായി. മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാനും ഉൾപ്പെട്ടവരെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തെറ്റായ ഫയർ അലാറത്തിൻ്റെ ഉറവിടവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. B4 കോച്ചിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് ചങ്ങല വലിച്ചു എന്ന് യാത്രക്കാർ പറഞ്ഞു.
“പുഷ്പക് എക്‌സ്‌പ്രസിലെ ചില യാത്രക്കാർ ഇറങ്ങി, എതിരെയുള്ള പാളത്തിലൂടെ കർണാടക എക്‌സ്പ്രസ് വരുന്നത് അവരറിഞ്ഞില്ലായിരുന്നു .,” മരണത്തെക്കുറിച്ച് സെൻട്രൽ റെയിൽവേയുടെ മുഖ്യ വക്താവ് സ്വപ്നിൽ നില മാധ്യമങ്ങളോട് പറഞ്ഞു.
പുഷ്പക് ട്രെയിൻ അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തു.