മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി: യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ച് ക കുപ്പിയിൽ സൂക്ഷിച്ച്
വിയന്ന: മാജിക് മഷ്റൂം കഴിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് അരിഞ്ഞ് ഓസ്ട്രിയൻ യുവാവ്. അമിത അളവിൽ മാജിക് മഷ്റൂം കഴിച്ചതോടെയുണ്ടായ വിഭ്രാന്തിയാണ് സംഭവത്തിന് പിന്നിലെന്ന് യൂറോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിഷാദരോഗവും അമിത മദ്യപാന ശീലവുമുണ്ടായിരുന്ന യുവാവ് അവധിക്കാലവീട്ടിൽ ഒറ്റയ്ക്കിരിക്കുന്നതിനിടെ അഞ്ചിലധികം മാജിക് മഷ്റൂം കൂണുകൾ ഭക്ഷിക്കുകയായിരുന്നു.
കൂൺ കഴിച്ചതിന് പിന്നാലെ മാനസിക അസ്വസ്ഥ തോന്നിയ യുവാവ് മുറിയിലുണ്ടായ കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. പിന്നാലെ ചില കഷണങ്ങൾ മണ്ണും മഞ്ഞും നിറച്ച പാത്രത്തിൽ സൂക്ഷിക്കുകയും ചെയ്തു. അമിത രക്തസ്രാവമുണ്ടായതോടെ യുവാവ് മുറിവുള്ള ഭാഗം തുണി കൊണ്ട് കെട്ടി വെച്ചു. ബോധം വീണ്ടെടുത്തപ്പോഴാണ് രക്തസ്രാവത്തെ കുറിച്ചും വേദനയെ കുറിച്ചും യുവാവ് തിരിച്ചറിയുന്നത്. പിന്നാലെ വീടിന് പുറത്തിറങ്ങിയ ഇയാൾ സഹായമഭ്യർത്ഥിച്ച് നിലവിളിക്കുകയായിരുന്നു. പ്രദേശവാസിയായ വ്യക്തി യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇത് ആദ്യ സംഭവമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. യുവാവിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനനേന്ദ്രിയത്തിന്റെ കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തുന്നിച്ചേർത്തു. ശസ്ത്രക്രിയക്ക് ശേഷം പുതുതായി തുന്നിച്ചേർത്ത ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായിരുന്നുവെന്നും ചികിത്സിച്ച് ഭേദമാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം യുവാവ് ആശുപത്രിയിലേക്കും മാജിക് മഷ്റൂം കൊണ്ടുവന്നിരുന്നുവെന്നും ഇടയ്ക്കിടെ ഇത് കഴിച്ച് ഉന്മത്താവസ്ഥയിലേക്ക് പോകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഭ്രമാവസ്ഥയിൽ യുവാവ് ആശുപത്രി തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ചതായി ഡെയിലി മെയിൽ യുകെ റിപ്പോർട്ട് ചെയ്തു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
മാജിക് മഷ്റൂം അഥവാ സൈലോസിബിൻ കൂണുകൾ അമാന്റി കുടുംബത്തിൽപ്പെട്ടവയാണ്. സൈലോസിബിൻ കൂണുകളിലുള്ള സൈലോസിബിൻ എന്ന മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്നിന്റെ സാന്നിധ്യത്താൽ ലഹരി പദാർത്ഥമെന്ന പട്ടികയിലാണ് ഇത്തരം മാജിക് കൂണുകൾ കണക്കാക്കപ്പെടുന്നത്. മാജിക് മഷ്റൂം ഭക്ഷിക്കുന്നത് മനുഷ്യരെ ഹാലൂസിനേറ്ററി അവസ്ഥയിലെത്തിക്കും. സൈലോസിബിൻ മസ്തിഷ്കത്തിലെ സെറോടോണിൻ റിസപ്റ്ററുകളിൽ മാറ്റം വരുത്തുകയും വികാരങ്ങൾ ഉയർത്തുകയും ഉന്മത്താവസ്ഥയിലെത്തിക്കുകയും ചെയ്യും. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് നേരിയ അളവിൽ മരുന്നായി പല രാജ്യങ്ങളിലും മാജിക് മഷ്റൂം നൽകി വരാറുണ്ട്. പല രാജ്യങ്ങളിലും മാജിക് മഷ്റും ഉപയോഗിക്കുന്നത് നിയമപരമാണെങ്കിലും ഇന്ത്യയിൽ ഇത്തരം കൂണുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്