മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഈ കാര്യം അറിയിച്ച് കത്തയച്ചു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ആണ് ബാലാവകാശ കമ്മീഷന്‍ കത്തില്‍ ചൂണ്ടികാണിക്കുന്നത്.
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ കാര്യമായ വിമര്‍ശനമാണ് കത്തില്‍ പറയുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് പ്രധാന വിമര്‍ശനം. മദ്രസകളില്‍ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുവെങ്കില്‍ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, കത്തിനോട് എതിര്‍പ്പുയര്‍ത്തി കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി രംഗത്തെത്തി. ‘ഏതെങ്കിലും മദ്രസ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍, അത് അടച്ചുപൂട്ടണം. പക്ഷേ ഒന്നും അന്ധമായി ചെയ്യാന്‍ പാടില്ല. സംസ്ഥാനങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതികൂല റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കത്ത് എഴുതിയതെന്ന് തനിക്ക് അറില്ല’ എന്നാണ് ലോക് ജനശക്തി പാര്‍ട്ടി വക്താവ് എകെ ബാജ്പേയി പറയുന്നത്. കത്ത് വായിച്ച് വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്