ടിപി മാധവൻ്റെ മകൻ
ടിപി മാധവൻ്റെ മരണശേഷം ഏറ്റവും കൂടുതൽ ആക്ഷേപങ്ങളും ആരോപണങ്ങളും ഏൽക്കേണ്ടിവരിക ചിലപ്പോൾ അദ്ദേഹത്തിൻ്റെ മകൻ -എഴുത്തുകാരനും സിനിമാനിർമ്മാതാവും സംവിധായകനുമായ രാജാ കൃഷ്ണ മേനോൻ ആയിരിക്കും. സമ്പന്നനായി കുടുംബത്തോടെ ജീവിക്കുമ്പോഴും അച്ചന് എന്തുകൊണ്ട് വൃദ്ധാ ശ്രമത്തിൽ ജീവിക്കേണ്ടിവരുന്നു എന്ന ചോദ്യം അദ്ദേഹത്തിന് പലപ്പോഴും നേരിടേണ്ടിവന്നിട്ടുണ്ട് . സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾ അദ്ദേഹത്തിന് കാണേണ്ടിയും വന്നിട്ടുണ്ട് .
അച്ഛന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ലാതിരുന്ന മേനോൻ ഇതിനുള്ള മറുപടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .
“അച്ഛനെക്കുറിച്ചു ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ല, റെക്കോർഡിൽ ഉള്ള ഒരു ബന്ധം മാത്രമാണത് .
ഒരു വയസ്സുള്ളപ്പോൾ തന്നെ വിട്ടുപോയതാണ് അച്ഛൻ ,വളർത്തി വലുതാക്കിയത് അമ്മയാണ്..
എന്റെ സിനിമാ ജീവിതത്തില്‍ നാല് സ്ത്രീകളുണ്ട്. അമ്മയും ഭാര്യയും ചേച്ചിയും ഒരു ആന്റിയും.” രാജകൃഷ്ണ മേനോൻ പറയുന്നു .
ഭാര്യ അനുരാധ ഷെട്ടി സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ ഡിസൈനറും ആര്‍ട്ടിസ്റ്റുമാണ്.
രാജാ കൃഷ്ണ മേനോൻ ജനിച്ചത് കേരളത്തിലെ തൃശ്ശൂരിലാണ്.വളർന്നതും പഠിച്ചതും ബംഗളൂരുവിൽ . കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പ്രഭാഷകനും ക്വിസറും എഴുത്തുകാരനുമായിരുന്ന അദ്ദേഹം നിരവധി കോളേജ് മത്സരങ്ങളിൽ വിജയിയായിരുന്നു. ബിരുദപഠനത്തിനു ശേഷം പരസ്യചിത്ര നിർമ്മാതാവും പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ഡി.രാധാകൃഷ്ണനെ സഹായിച്ചു. 1993-ൽ അദ്ദേഹം മുംബൈയിലേക്ക് താവളം മാറ്റി, സഞ്ജീവ് ഖംഗോങ്കറിൻ്റെ (എഴുത്തുകാരൻ/സംവിധായകൻ) ബിസിനസ്സ് കൈകാര്യം ചെയ്തു. 1996-ൽ രാജാ ഹിന്ദുസ്ഥാനി, ആർമി, ലോഫർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ പരസ്യങ്ങൾ എഡിറ്റ് ചെയ്യാനും ട്രെയിലറുകൾ സൃഷ്ടിക്കാനും തുടങ്ങി. അദ്ദേഹം തൻ്റെ പരസ്യ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 300-ലധികം ടിവി പരസ്യങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
2003-ൽ നന്ദിത് ദാസും പുരബ് കോഹ്‌ലിയും അഭിനയിച്ച ബാസ് യുൻ ഹി എന്ന തൻ്റെ ആദ്യ ഫീച്ചർ ഫിലിം അദ്ദേഹം എഴുതി, സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. 2003 മുതൽ 2008 വരെ അദ്ദേഹം പരസ്യത്തിൽ തുടർന്നു.
2009-ൽ നസീറുദ്ദീൻ ഷായും വിജയ് റാസും അഭിനയിച്ച തൻ്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ബരാഹ് ആന എഴുതി സംവിധാനം ചെയ്തു. ചിത്രം വൻ നിരൂപക വിജയമായിരുന്നു. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലെ ഔദ്യോഗിക തിരഞ്ഞെടുപ്പായിരുന്നു ബരാഹ് ആന. വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും പ്രശസ്തവുമായ ചലച്ചിത്രമേളയായ ചിക്കാഗോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഇത് തിരഞ്ഞെടുക്കപ്പെട്ടു . മജിദ് മജിദി, വോൺ കർ വായ് തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർക്കൊപ്പം മത്സരിച്ചു .
‘ബാന്ദ്ര വെസ്റ്റ് പിക്‌ചേഴ്‌സ്’ എന്ന ബാനറിൽ ജനനി രവിചന്ദ്രനുമായി സഹകരിച്ച് Oglivy, JWT, Creative Land Asia, BBH, Ulka തുടങ്ങിയ വമ്പൻ വ്യവസായ സ്ഥാപനങ്ങൾക്കായി പരസ്യങ്ങളും ഡോക്യുമെൻ്ററികളും നിർമ്മിക്കുന്നത് അദ്ദേഹം ഇപ്പോഴും തുടർന്നു.
അക്ഷയ് കുമാറും നിമൃത് കൗറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച എയർലിഫ്റ്റ് ആയിരുന്നു മേനോന്റെ 2016 ലെ സംരംഭം.
ജീവിതത്തിൻ്റെ സുവർണ്ണകാലത്ത് കുടുംബത്തെ മറന്നു ജീവിച്ച ഒരു മനുഷ്യനായിട്ടാണ് രാജകൃഷ്ണ മേനോൻ, തന്റെ അച്ഛനെ കാണുന്നത് .സ്‌ക്രീനിൽ മാത്രം കണ്ടുപരിചയമുള്ള ഒരു ബന്ധം! ടിപി മാധവൻ തൻ്റെ അനാഥത്വവുമായി വിടപറയുമ്പോൾ ചില ജീവിത യാഥാർഥ്യങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെടുന്നുണ്ട് . കുടുംബത്തെ മറന്നുജീവിക്കുന്ന എല്ലാവർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് അത് .