അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനി ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
കഴിഞ്ഞമാസം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഅദനിയുടെ ആരോഗ്യനില ഇന്നലെ വഷളാവുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം രക്തസമ്മർദ്ദം ഉയരുകയും ഓക്സിജന്റെ അളവ് താഴുകയും ചെയ്തതോടെ ഡോക്ടർമാരടങ്ങുന്ന സംഘം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കരൾ രോഗബാധിതനായ മഅദനിക്ക് ഡയാലിസിസും തുടരുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ഒൻപതു വർഷം വിചാരണ തടവുകാരനായി തമിഴ്നാട്ടിലെ ജയിലിൽ കഴിഞ്ഞ മദനിയെ 2007 ഓഗസ്റ്റ് ഒന്നിന് കുറ്റക്കാരനല്ലെന്ന് കണ്ട് പ്രത്യേക കോടതി വെറുതെവിട്ടു. പിന്നീട് 2008 ജൂലൈ25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാരാ ജയിലിൽ കഴിയുകയും ചെയ്ത മദനി കഴിഞ്ഞവർഷം ജൂലൈ 20 നാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കേരളത്തിൽ എത്തിയത്.