‘എം. ടി – കാലാതീതം’ : എഴുത്തുകാരന് അശ്രുപൂജയർപ്പിച്ച് ഇപ്റ്റ മുംബൈ
മുംബൈ : കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയ്ക്ക് ശേഷം മലയാളി പൊതുബോധത്തിൻ്റെ ലസാഗു സ്നേഹം കൊണ്ടു പൊതിഞ്ഞ സാഹിത്യ ‘താരം’ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ വിലയിരുത്തി ഇപ്റ്റ കേരള മുംബൈ ഘടകം നടത്തിയ അനുസ്മരണ ചടങ്ങ് ശ്രദ്ധേയമായി.
ആറു മണിക്കൂർ നീണ്ട ചർച്ച കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനായി ഡിസംബർ 28 വാട്ട്സാപ്പ് ഗ്രൂപ്പിലാണ് വൈകിട്ട് നാലിന് തുടങ്ങി രാത്രി പത്തിന് അവസാനിപ്പിച്ചത്.
ഇപ്റ്റയുടെ അശ്രുപൂജ, മലയാളി ഇത്രയധികം ഉള്ളിൽ വച്ച് ആരാധിച്ച ഒരു സാഹിത്യ വ്യക്തിത്വം നമ്മുടെ കാലത്ത് വേറെ ഉണ്ടായിരുന്നില്ല എന്നും സാഹിത്യത്തിൽ സവിശേഷതാല്പര്യമുള്ള സ്പെഷ്യലിസ്റ്റുകളല്ല ഈ ആരാധക സമൂഹമെന്നും വ്യക്തമാക്കുന്നതായിരുന്നു.
അധികമൊന്നും പൊതു ജീവിതത്തിൽ സജീവമാകാത്ത, വർത്തമാന സംഭവങ്ങളോട് നിരന്തരം പ്രതികരിക്കാത്ത, ചിരിയിൽ പോലും ലുബ്ധനായ ഒരു മനുഷ്യൻ എഴുത്തു കൊണ്ടും സിനിമ കൊണ്ടും മാത്രം ഒരു ജനതയെ തന്നിലേക്ക് വലിച്ച് അടുപ്പിച്ച മാന്ത്രികത സാദ്ധ്യമാക്കിയത്, ഒരു വലിയ ദർപ്പണത്തിലൂടെ നമ്മുടെ കാലത്തെ പൊതു മനുഷ്യനെ, അവൻ്റെ ഉള്ളിൻ്റെ ഉള്ളിനെ സമൂഹത്തിന് കാണിച്ചു കൊടുത്തു കൊണ്ടാണ് എന്ന് യോഗം വിലയിരുത്തി.
“എം.ടി കാലാതീത” ത്തിൽ, കവിത,ഭാഷാ പ്രതിജ്ഞ, കാവ്യാലാപനം,ഓർമ്മക്കുറിപ്പുകൾ, വിമർശനങ്ങൾ
നിരൂപണങ്ങൾ, ഗാനങ്ങൾ,ഗാനാവിഷ്ക്കാരങ്ങൾ, എം ടി കൃതികളുടെ വായന,അവയുടെ പുനർവായന,
ചിത്രമെഴുത്ത്, പ്രസംഗ വായന എന്നിവ അനുസ്മരണത്തിൻ്റെ ഭാഗമായി.
നമ്മുടെ കാലത്തെ, നമ്മുടെ ദേശത്തെ അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യനോടുള്ള സ്നേഹ വായ്പ്പുകൾ രേഖപ്പെടുത്താൻ പാട്ടുകൊണ്ടും, കഥാ വായന കൊണ്ടും പാട്ടിൻ്റെ ദൃശ്യാവതരണം കൊണ്ടും ശ്രമിച്ചതാണ് എം ടി കാലാതീതം സാക്ഷ്യം വഹിച്ചത്.
ജി വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തിയ ദീർഘസംവാദ സദസ്സിൽ പത്തു വയസ്സുകാരൻ മുഹമ്മദ് ആംല
എം ടി എഴുതിയ ഭാഷാ പ്രതിജ്ഞ ചെല്ലിയപ്പോൾ പതിനൊന്ന്കാരൻ അനയ് സതികുമാർ എം ടിയെ വരച്ചു.
അർജ്ജുൻ കേശവൻ, ജന്യ പ്രവീൺ നായർ , അഭിനവ് ഹരീന്ദ്രനാഥ്,ജുബിൻ ഗോഡ്ഫ്രെ, ശ്രീരാം അയ്യർ എന്നിവർ എം ടി ചിത്രങ്ങളിലെ ഗാനങ്ങളാലപിച്ചു കൊണ്ട് എം.ടിയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എം ടി യുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണിലെ ഗാനത്തിന് സരിത അജിത്, ഗൗരി അജിത്, ഗൗതമി അജിത് എന്നിവർ ദൃശ്യാവിഷ്ക്കാരം നടത്തി.
സി പി കൃഷ്ണകുമാർ, സുനിത ഏഴുമാവിൽ, എം കെ നിധീഷ്, പി എസ് സുമേഷ്, സുരേഷ് വർമ്മ, രുഗ്മിണി സാഗർ, ലളിത ശങ്കരൻ, സുരേന്ദ്ര ബാബു, രതി മേനോൻ, സവിത കുറുപ്പ്, സുമ രാമചന്ദ്രൻ, ഉണ്ണി മേനോൻ, അനിൽ പ്രകാശ്, കെ വി എസ് നെല്ലുവായ്, എം പി ആർ പണിക്കാർ, സരിത അജിത്, ഷോളി സതികുമാർ, രേണു മണിലാൽ, ഡയാന ജയപ്രകാശ്, പ്രേംലാൽ രാമൻ, ഡിംപിൾ ഗിരീഷ് എന്നിവർ എംടി യുടെ കഥകൾ വായിച്ചും നിരൂപണം നടത്തിയും എം ടി യേയും അദ്ദേഹത്തിൻ്റെ വൈവിധ്യമാർന്ന സംഭാവനകളെയും ഓർമ്മിച്ചെടുത്തു.
ഷിബു ഭാർഗ്ഗവൻ, അജിത് ശങ്കരൻ, ശ്രീകാന്ത് അയ്യർ, ബാബു എൻ കെ , വി സുബ്രഹ്മണ്യൻ, ബിജു കോമത്ത്, പി സതികുമാർ എന്നിവർ നയിച്ച അശ്രുപുജയ്ക്ക് ഡിംപിൾ ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.