അയ്യപ്പന്റെ ചിത്രമുപയോഗിച്ച് വോട്ടുപിടിച്ചെന്ന കെ ബാബുവിനെതിരെയുള്ള എം സ്വരാജിന്റെ ഹർജിയിൽ വിധി ഇന്ന്
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ.ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ വോട്ട് പിടിച്ച എംഎൽഎ കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം സ്വരാജ് ഹർജി നല്‍കിയത്. ജസ്റ്റിസ് പി.ജി അജിത് കുമാറാകും ഇന്ന് വിധി പറയുക.
വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ച് നൽകിയെന്നും ആരോപണമുണ്ട്. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന പേരിൽ മണ്ഡലത്തിൽ പ്രചരണം നടത്തിയെന്നും സ്വരാജ് വാദിച്ചിരുന്നു. കൂടാതെ അയ്യപ്പനൊരു വോട്ട് എന്ന തരത്തിൽ ചുവരെഴുതിയെന്നും ആരോപണമുണ്ട്. എന്നാൽ അയ്യപ്പന്റെ പേരിൽ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എൽഡിഎഫ് ഉയർത്തിയിട്ടില്ലെന്നുമാണ് കെ ബാബുവിന്റെ വാദം.